സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ ഇനി പബുകളും; മാർഗ നിർദേശത്തിന്റെ കരട് തയ്യാറാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ ഇനി പബുകളും വരും. മദ്യനയത്തിൽ ആയിരിക്കും പബുകൾ പ്രഖ്യാപിക്കുക. ഇതിനുള്ള മാർഗ നിർദേശത്തിന്റെ കരട് തയ്യാറാക്കി. ഐ ടി സെക്രട്ടറിയുടെ റിപ്പോർട്ടിന് സർക്കാർ തത്വത്തിൽ അംഗീകാരം നൽകുകയും ചെയ്തു. മികച്ച പേരുള്ള 10 വർഷം പ്രവൃത്തി പരിചയമുള്ള, നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐ ടി സ്ഥാപനങ്ങൾക്ക് ആകും പബ് ലൈസൻസ് നൽകുകയെന്നാണ് വിവരം. ഐടി പാർക്കിനുള്ളിലായിരിക്കും പബുകൾ ഉണ്ടാകുക. പുറത്ത് നിന്നുള്ളവർക്ക് ഇവിടെ പ്രവേശനം അനുവദിക്കില്ല.

പബ് നടത്തിപ്പിന് ഐ ടി സ്ഥാപനങ്ങൾക്ക് വേണമെങ്കിൽ ഉപകരാർ നൽകാം. ക്ലബുകളുടെ ഫീസിനേക്കാൾ കൂടിയ തുക ലൈസൻസ് ഫീസായി ഈടാക്കാനാണ് പദ്ധതിയിടുന്നത്. നിയമസഭയിലാണ് സംസ്ഥാനത്തെ ഐടി പാർലറുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കേരളത്തിലെ ഐടി പാർക്കുകൾ പലതും അടച്ചുപൂട്ടി കമ്പനികൾ വർക് ഫ്രം ഹോം മോഡിലേക്ക് മാറിയതോടെയാണ് വിഷയത്തിലെ തുടർനടപടികൾ നിലച്ചത്.

സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്. 60,000 പേരാണ് തിരുവനന്തപുരം ടെക്‌നോപാർക്കിൽ മാത്രം ജോലി ചെയ്യുന്നത് . ടെക്‌നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ഇത്രയധികം പേർ ജോലി ചെയ്യുന്ന സാഹചര്യങ്ങളിൽ ഇവർക്ക് വിശ്രമ സമയങ്ങളും ഇടവേളകളും ചെലവഴിക്കാൻ ഇത്തരം കേന്ദ്രങ്ങൾ തുറക്കുന്നത് കൂടുതൽ ടെക്കികളെ കേരളത്തിലെ ഐടി പാർക്കുകളിലേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.