ഹിജാബ് വിവാദം; കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പങ്ക് വ്യക്തമാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതി

ബംഗളൂരു: ഹിജാബ് വിവാദത്തിൽ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (സിഎഫ്ഐ) പങ്ക് വ്യക്തമാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതി. സംസ്ഥാനത്ത് ഹിജാബ് പ്രശ്നം ആദ്യം റിപ്പോർട്ട് ചെയ്ത ഉഡുപ്പിയിലെ സർക്കാർ പ്രീയൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ ഇസ്ലാമിക തീവ്രമതസംഘടനയായ സിഎഫ്ഐയുടെ പങ്ക് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ സിഎഫ്ഐയുടെ പങ്ക് വ്യക്തമാക്കണമെന്ന് ഹൈക്കോടതി വിശാല ബെഞ്ച് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയത്.

ഈ വർഷം ജനുവരി ഒന്നിന് ഉഡുപ്പിയിലെ പിയു കോളേജിലെ ശിരോവസ്ത്രം ധരിച്ച ആറ് വിദ്യാർത്ഥിനികൾക്ക് ക്ലാസ് മുറികളിൽ പ്രവേശനം നിഷേധിച്ചതിന് പിന്നാലെയാണ് ഹിജാബ് വിവാദം ആരംഭിച്ചത്. 2004 മുതൽ കോളേജിൽ യൂണിഫോം നിർബന്ധമാക്കിയിട്ടുണ്ടെന്നും ഹർജിക്കാരായ ആറ് വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കാതെയാണ് ക്ലാസുകളിൽ പങ്കെടുത്തിരുന്നതെന്നുമാണ് പിയു കോളേജിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. മുതിർന്ന അഭിഭാഷകൻ എസ്.എസ്.നാഗാനന്ദാണ് പിയു കോളേജിന് വേണ്ടി ഹാജരായിരുന്നത്.

സിഎഫ്ഐയുടെ പ്രതിനിധികൾ ക്ലാസ്മുറിയിൽ വിദ്യാർത്ഥികളെ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് കോളേജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കോളേജ് ചട്ടങ്ങൾക്ക് എതിരാണെന്നും ക്ലാസ്മുറിയിൽ മതവസ്ത്രങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ മറുപടി നൽകുകയും ചെയ്തു. തുടർന്നാണ് തീരദേശ ടൗണിൽ സിഎഫ്ഐ വാർത്താസമ്മേളനം നടത്തിയതും ഹിജാബ് അനുവദിക്കാതിരുന്നാൽ പ്രതിഷേധങ്ങൾ അഴിച്ചുവിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. ഹിജാബ് ധരിക്കാനുള്ള വിദ്യാർത്ഥിനികളുടെ ആവശ്യത്തിന് സിഎഫ്ഐ അടക്കമുള്ള ബാഹ്യശക്തികളുടെ പിന്തുണയുണ്ടെന്ന് നാഗാനന്ദ് കോടതിയെ അറിയിച്ചു.

ഹിജാബ് വിവാദവുമായി ഇപ്പോൾ മുന്നോട്ട് പോകുന്നത് സിഎഫ്ഐയോട് വിധേയത്വമുള്ള വിദ്യാർത്ഥികളെന്നും മറ്റുള്ളവർ വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകുന്നുണ്ടെന്നും നാഗാനന്ദ് കോടതിയിൽ വാദിച്ചു. സിഎഫ്ഐ ചില അധ്യാപകരെ ഭീഷണിപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ഒരു സ്‌കൂളും കോളേജും സിഎഫ്ഐ എന്ന സംഘടനയെ അംഗീകരിക്കുന്നില്ലെന്നും അവർ ബഹളമുണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നും നാഗാനന്ദ് കോടതിയോട് പറഞ്ഞു. ഹർജിക്കാരുടെ ആധാർ കാർഡുകളിലെ ചിത്രങ്ങൾ പരാമർശിച്ച മുതിർന്ന അഭിഭാഷകൻ ഹിജാബ് ഇല്ലാതെയാണ് വിദ്യാർത്ഥിനികൾ ഫോട്ടോ എടുത്തിരിക്കുന്നതെന്നും കോടതിയുടെ ശ്രദ്ധയിൽപെടുത്തി. ഹിജാബ് നിർബന്ധ മതവസ്ത്രമാണെന്ന വിദ്യാർത്ഥിനികളുടെ വാദത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.