യുക്രൈനിലെ സ്ഥിതിഗതികൾ ഇന്ത്യ നിരന്തരം നിരീക്ഷിക്കുന്നു; എസ് ജയശങ്കർ

ന്യൂഡൽഹി: യുക്രൈനിലെ സ്ഥിതിഗതികൾ ഇന്ത്യ നിരന്തരം നിരീക്ഷിച്ച് വരുന്നതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യുക്രൈനിൽ തുടരാൻ അത്യാവശ്യമില്ലാത്ത ഇന്ത്യക്കാർ അവിടെ നിന്നും മടങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഉറപ്പാക്കാൻ ചർച്ച നടത്തും. എംബസിയുടെ പ്രവർത്തനത്തിന് തടസ്സമില്ലെന്നും അദ്ദേഹം അറിയിച്ചു. കൊടിക്കുന്നിൽ സുരേഷിന്റെ കത്തിന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം യുക്രൈനിൽ നിന്നും കഴിഞ്ഞ ദിവസം ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. യുക്രൈനിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ഡൽഹിയിൽ എത്തിയത്. വരും ദിവസങ്ങളിലും കൂടുതൽ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം നടത്തുന്നുണ്ട്. ഇന്ത്യയിലേക്ക് തിരികെയെത്തിയതിലൂടെ ആശങ്കയൊഴിഞ്ഞുവെന്ന് യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായി മൂന്ന് വിമാനങ്ങളാണ് ഉള്ളത്. വ്യാഴം, ശനി ദിവസങ്ങളിൽ രണ്ട് വിമാനങ്ങൾ കൂടി യുക്രൈനിലേക്ക് പോകും. കീവിലെ ബോറിസ്പിൽ വിമാനത്താവളത്തിൽ നിന്നാണ് ആദ്യം വിമാനം പുറപ്പെട്ടത്. എയർ ഇന്ത്യയുടെ ബുക്കിങ് ഓഫീസുകൾ, ഔദ്യോഗിക വെബ്സൈറ്റ്, കോൾ സെന്ററുകൾ, അംഗീകൃത ട്രാവൽ ഏജന്റുമാർ വഴി മറ്റു വിമാനങ്ങൾക്കുള്ള ബുക്കിങ് നടക്കുന്നുണ്ട്.