യുക്രൈനില്‍ വ്യാപക സ്‌ഫോടനങ്ങള്‍; റഷ്യന്‍ നടപടി കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് ബൈഡന്‍

ന്യൂഡല്‍ഹി: യുക്രൈനില്‍ സൈനിക നടപടി പ്രഖ്യാപിച്ച റഷ്യ ലോകത്തോട് കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്‍. അന്താരാഷ്ട്ര സമൂഹം റഷ്യയെ നിലനിര്‍ത്തണമെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് തുടര്‍നടപടികള്‍ ജി7, നാറ്റോ രാഷ്ട്രത്തലവന്‍മാരുമായി ചര്‍ച്ച ചെയ്യുമെന്നും ബൈഡന്‍ വ്യക്തമാക്കി. യുക്രൈനെതിരെയുള്ള റഷ്യന്‍ നടപടി കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും അമേരിക്കയും നാറ്റോസഖ്യകക്ഷികളും ഇതിനു മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്‍ ആസൂത്രിതമായി യുദ്ധം തിരഞ്ഞെടുക്കുകയായിരുന്നു. വലിയ നാശനഷ്ടങ്ങള്‍ക്കും വഴിവയ്ക്കുന്ന ഈ തീരുമാനം യുക്രൈന്‍ ജനതയെ നരകയാതനയിലേക്ക് തള്ളിവിടും. പുട്ടിന്‍ പ്രഖ്യാപിച്ച സൈനിക നടപടി പ്രകോപനപരവും ഒരുതരത്തിലും നീതീകരിക്കാന്‍ സാധിക്കാത്തതുമാണ്. ഇതിനെല്ലാം റഷ്യ കണക്ക് പറയേണ്ടി വരുമെന്ന് ബൈഡന്‍ പറഞ്ഞു. അതേസമയം, യുക്രൈനെ പിന്തുണച്ച് കൊണ്ട് നാറ്റോ സൈന്യം രംഗത്ത് ഇറങ്ങുകയും റഷ്യന്‍ സൈന്യത്തെ ആക്രമിക്കുകയും ചെയ്താല്‍ മൂന്നാം ലോകമഹായുദ്ധത്തിന്റെ നിഴലിലേക്കാവും ലോകം എത്തുക.

നിലവില്‍ രാജ്യത്തിനകത്തെ വ്യോമഗതാഗതത്തിന് യുക്രൈന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രത്യേക വിമാനം അക 1947 ഇന്ന് രാവിലെ യുക്രൈനിലെ ബോറിസ്പില്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം, കീവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലം, രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും തുറമുഖങ്ങളിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുക്രൈനെ എത്രയും വേഗം കീഴ്‌പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ മുന്നോട്ട് നീങ്ങുന്നത്. കീവ് അടക്കം പത്ത് നഗരങ്ങളില്‍ വ്യോമാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതിനിടെ, യുക്രൈനിലെ സൈനിക നടപടിയെക്കുറിച്ച് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചര്‍ച്ച നടന്നു. വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്‍ പ്രത്യേക സൈനിക ഓപ്പറേഷന്‍ പ്രഖ്യാപിച്ചതെന്നും വംശഹത്യയില്‍ നിന്നും യുക്രൈന്‍ ജനതയെ രക്ഷപ്പെടുത്താനാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും രക്ഷാസമിതിയിലെ റഷ്യന്‍ പ്രതിനിധി വ്യക്തമാക്കി. യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് (ഇന്ത്യന്‍ സമയം ഇന്ന് രാത്രി) പ്രസ്താവനകള്‍ നടത്തുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്.