കൊച്ചി: കൊച്ചി മെട്രോ സമയക്രമത്തിൽ മാറ്റം. പത്തടിപ്പാലത്തെ 347ാം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ നടക്കുന്നതിനാൽ കൊച്ചി മെട്രോ ട്രെയിൻ സമയത്തിലും സർവീസിലും പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ആലുവയിൽ നിന്ന് പേട്ടയിലേക്ക് 20 മിനിറ്റ് ഇടവിട്ടും പത്തടിപ്പാലത്തുനിന്നും പേട്ടയ്ക്ക് 7 മിനിറ്റ് ഇടവിട്ടും ട്രെയിൻ ഉണ്ടാകുമെന്ന് കൊച്ചി മെട്രോ അറിയിച്ചു. പേട്ടയിൽ നിന്ന് പത്തടി പാലത്തേക്ക് 7 മിനിറ്റും ആലുവയിലേക്ക് 20 മിനിറ്റ് ഇടവിട്ടും ട്രെയിൻ ഉണ്ടാകും. ജോലികൾ പൂർത്തിയാകും വരെ ഒരു ട്രാക്കിലൂടെ മാത്രമായി ഗതാഗതം പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും കൊച്ചി മെട്രോ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു.
മെട്രോ റെയിലിന്റെ ഇടപ്പള്ളി പത്തടിപ്പാലത്തെ 347-ാo നമ്പർ തൂണിലായിരുന്നു ചെരിവ് കണ്ടെത്തിയത്. ചെരിവ് കണ്ടെത്തിയതൂൺ പരിശോധിക്കാൻ ഡി എം ആർ സി മുൻ ഉപദേഷ്ടാവ് ഇ. ശ്രീധരനും എത്തിയിരുന്നു. മെട്രോ പില്ലറുകളുടെ രൂപകല്പനയും സാങ്കേതിക വിദ്യയും നിർവ്വഹിച്ച കമ്പനിയുടെ വിദഗ്ധരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തൂണിന് ചുറ്റുമുള്ള മണ്ണ് നീക്കിയുള്ള പരിശോധനയാണ് നടത്തുന്നത്.
കൊച്ചി മെട്രോ പാതയിൽ പത്തടിപ്പാലത്ത് നേരിയ ചെരിവുണ്ടെന്നും, അതിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിന് അൾട്രാ സോണിക് ടെസ്റ്റും സോയിൽ ബോർ ടെസ്റ്റും നടത്താൻ നിർദേശിച്ചിട്ടുണ്ടെന്നും മെട്രോമാൻ ഇ. ശ്രീധരൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ, പരിശോധനകളുടെ ഫലം വരുന്നതിന് മുമ്പ് തന്നെ അഡീഷനൽ പൈലിങ് നടത്തി പാലത്തെ ബലപ്പെടുത്തുന്ന പണി തുടങ്ങാനും നിർദ്ദേശം നൽകിയിരുന്നു.

