ന്യൂഡൽഹി: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി തുടങ്ങിയവർ 18000 കോടി രൂപ ബാങ്കുകൾക്ക് തിരികെ നൽകിയെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്രം. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നതിന് 67000 കോടി രൂപയാണെന്നും കേന്ദ്രം വ്യക്തമാക്കി.
നിലവിൽ 4700 കേസ്സുകൾ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുകയാണ്. ഓരോ വർഷവും കേസുകളുടെ എണ്ണം വർധിക്കുകയാണ്. 2015-16 ൽ 111 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2020-21 ൽ 981 കേസ്സുകൾ രജിസ്റ്റർ ചെയ്തെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ നടത്തുന്ന അന്വേഷണം, വസ്തുക്കളും ആസ്തികളും കണ്ടുകെട്ടൽ എന്നിവയിലെ അധികാരം സംബന്ധിച്ച വിവിധ കേസുകൾ പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

