ഒമിക്രോണ്‍ ഒരു സൈലന്റ് കില്ലര്‍; എന്‍.വി രമണ

ന്യൂഡല്‍ഹി: ഒമിക്രോണ്‍ ഒരു സൈലന്റ് കില്ലറാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. രോഗം ഭേദമായെങ്കിലും, കൊറോണ മൂലമുണ്ടായ അസ്വസ്ഥതകളില്‍ നിന്ന് പുറത്ത് വരാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സുപ്രീം കോടതിയിലെ നടപടിക്രമങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് സാധാരണ നിലയിലേക്ക് മാറ്റണമെന്ന ശുപാര്‍ശകള്‍ക്ക് മറുപടിയായാണ് എന്‍.വി രമണ ഇക്കാര്യം വ്യക്തമാക്കിയത്.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ വികാസ് സിങ് ആണ് ഈ ആവശ്യം സുപ്രീംകോടതിക്ക് മുന്നില്‍ വെച്ചത്. ഒമിക്രോണ്‍ ഗുരുതരമല്ലെന്നും, പ്രശ്നങ്ങള്‍ കുറവാണെന്നുമാണ് വികാസ് സിങ് പറഞ്ഞത്. എന്നാല്‍, തന്റെ അനുഭവങ്ങള്‍ ചീഫ് ജസ്റ്റിസ് തുറന്ന് പറയുകയായിരുന്നു.’ ആദ്യ തരംഗത്തില്‍ കൊറോണ ബാധിച്ചിരുന്നു. എന്നാല്‍ നാല് ദിവസത്തിനുള്ളില്‍ ഇതില്‍ നിന്ന് മുക്തി നേടാനായി. പക്ഷേ ഇത്തവണ രോഗം ബാധിച്ച് 25 ദിവസം പിന്നിട്ടും, ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് പുറത്ത് കടക്കാനായിട്ടില്ല. സ്ഥിതിഗതികള്‍ വിശദമായി പരിശോധിച്ച ശേഷം കോടതി നടപടികള്‍ പഴയ രീതിയിലാക്കുന്നത് പരിഗണിക്കാമെന്നും’ അദ്ദേഹം ഉറപ്പ് നല്‍കി.

അതേസമയം, കോടതിയിലെ 30 ശതമാനം ജീവനക്കാര്‍ക്കും കൊറോണ ബാധിക്കുകയും പലരും ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തതോടെ കോടതി നടപടിക്രമങ്ങള്‍ ഓണ്‍ലൈനാക്കുകയായിരുന്നു.