പെറുവില്‍ 1200 വര്‍ഷം പഴക്കമുള്ള മൃതദേഹാവശിഷ്ടം കണ്ടെത്തി

ലിമ: പെറുവിന്റെ തലസ്ഥാനമായ ലിമയിലെ കജമാര്‍ക്വില്ല സമുച്ചയത്തില്‍ നടത്തിയ ഖനനത്തില്‍ 800 മുതല്‍ 1200 വര്‍ഷം മുന്‍പ് ബലികഴിപ്പിച്ച എട്ട് കുട്ടികളുടെയും പന്ത്രണ്ട് മുതിര്‍ന്നവരുടെയും മൃതദേഹാവശിഷ്ടം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

കഴിഞ്ഞ നവംബറില്‍ ഭൂര്‍ഗര്‍ഭ ശവകൂടീരത്തില്‍ നിന്ന് ഭ്രൂണാവസ്ഥയിലുള്ള ഒരു മമ്മി പെറുവിലെ സാന്‍ മാര്‍കോസ് സര്‍വകലാശാലയില്‍ നിന്നുള്ള സംഘം കണ്ടെത്തിയിരുന്നു. ഇതിന് അടുത്തായാണ് ബലികഴിപ്പിച്ച നിലയിലെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ചിലത് മമ്മിയുടെ രൂപത്തിലും മറ്റ് ചിലത് അസ്ഥികൂടങ്ങളുടെ നിലയിലുമാണുള്ളത്. പുരാതന ആചാരങ്ങള്‍ പ്രകാരം അനേകം തുണികളാല്‍ ഇവ ചുറ്റപ്പെട്ടിരുന്നു.

പ്രധാന മമ്മിക്ക് അകമ്പടി പോകാനായിരുന്നിരിക്കണം എട്ട് കുട്ടികളെയും പന്ത്രണ്ട് മുതിര്‍ന്നവരെയും ബലി കഴിപ്പിച്ചതെന്ന് പുരാവസ്തു ഗവേഷകനായ പിയേറ്റര്‍ വാന്‍ ഡാലെന്‍ പറഞ്ഞു. 1700 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ പെറു ഭരണാധികാരിയായ ലോര്‍ഡ് ഒഫ് സൈപന്റെ ശവകൂടീരം കണ്ടെത്തിയതിന് സമാനമായ രീതിയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കാണപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ലോര്‍ഡ് ഒഫ് സൈപന്റെ ശവകൂടീരത്തിലും സമാന രീതിയില്‍ കുട്ടികളെയും മുതിര്‍ന്നവരെയും ബലി കഴിപ്പിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം, ശവകുടീരത്തില്‍ പലി സംഗീത ഉപകരണങ്ങളും കണ്ടെത്തിയതായി ഗവേഷക സംഘത്തിലെ മറ്റൊരു അംഗം യൊമിറ ഹൗമാന്‍ അറിയിച്ചു. കജമാര്‍ക്വില്ലയില്‍ കണ്ടെത്തിയ മമ്മി 35 വയസുള്ള ഒരു പുരുഷന്റെയാകാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും, മറ്റ് അവയവങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.