കോട്ടയം: യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെവരാൻ താൽപര്യമുള്ള എല്ലാവരെയും മടക്കിക്കൊണ്ടു വരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ നിർബന്ധമായി ഒഴിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനുള്ള മുഴുവൻ ഇന്ത്യക്കാരും വിവരങ്ങൾ എംബസിക്ക് കൈമാറണമെന്നും അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ വേണ്ടിയാണിതെന്നും അദ്ദേഹം അറിയിച്ചു.
ഏത് പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാറിന് സാധിക്കും. ഇന്ത്യക്കാരായ 18,000 ഓളം വിദ്യാർത്ഥികളും 2000 പൗരന്മാരും ആണ് യുക്രൈനിലുള്ളത്. യുദ്ധസാഹചര്യം അനുസരിച്ചാകും കൂടുതൽ പൗരന്മാരെ തിരികെ കൊണ്ടു വരുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കഴിഞ്ഞ ദിവസം യുക്രൈനിൽ നിന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ 242 ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിച്ചിരുന്നു.
യുക്രൈനിലെ യുദ്ധസാഹചര്യം വിലയിരുത്തിയ ശേഷം കൂടുതൽ പേരെ മടക്കിക്കൊണ്ടു വരുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. അതേസമയം റഷ്യക്കെതിരെ കടുത്ത നടപടികൾ ഏർപ്പെടുത്തിയിരിക്കുകയാണ് ബ്രിട്ടൺ. അഞ്ച് റഷ്യൻ ബാങ്കുകൾക്ക് ബ്രിട്ടൺ ഉപരോധം ഏർപ്പെടുത്തി. മൂന്ന് സമ്പന്നരുടെ ആസ്തി ബ്രിട്ടൺ മരവിപ്പിക്കുകയും ചെയ്തു. റോസിയാസ് ബാങ്ക്, ഐഎസ് ബാങ്ക്, ജനറൽ ബാങ്ക്, പ്രോംസ്വ്യാസ്ബാങ്ക്, ബ്ലാക് സീ ബാങ്ക് തുടങ്ങിയവയ്ക്കാണ് ബ്രിട്ടൺ ഉപരോധം ഏർപ്പെടുത്തിയത്. ജെന്നഡി ടിംചെങ്കോ, ബോറിസ് റോട്ടൻബെർഗ്, ഇഗോർ റോട്ടൻബെർഗ് എന്നിവരുടെ ആസ്തിയാണ് ബ്രിട്ടൺ മരവിപ്പിച്ചത്.

