തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ വാക്‌പോര്. സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചൊല്ലി സഭയിൽ വെച്ചാണ് ഇരുവരും തമ്മിൽ വാക്‌പോര് നടന്നത്. കേരളത്തിൽ കലാപമുണ്ടാക്കാൻ യുഡിഎഫും ബിജെപിയും എസ്ഡിപിഐയും ചേർന്ന് ശ്രമിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം ക്രമസമാധാന നില പൂർണ്ണമായി തകർന്നെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു.
കേരളത്തിലെ ക്രമസമാധാന നില മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭദ്രമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സമീപകാലത്ത് നടന്ന കൊലപാതക കേസുകളിലെ പ്രതികൾ അറസ്റ്റിലായെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാണ്. കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെ അറസ്റ്റ് ചെയ്തു. കണ്ണൂരിൽ വിവാഹ പാർട്ടിക്കിടെ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട കേസിലെ പ്രതികൾ അറസ്റ്റിലായെന്നും കിഴക്കമ്പലത്തു ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിലും പ്രതികളെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം സഭയിൽ അറിയിച്ചു.
കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. കോൺഗ്രിസന്റേത് അക്രമങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന നേതൃത്വമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ധീരജിന്റെ കൊലപാതകത്തെ കെപിസിസി പ്രസിഡന്റ് ന്യായീകരിച്ചുവെന്നും കൊലപാതകങ്ങൾക്ക് കോൺഗ്രസ് നേതൃത്വം പരസ്യ പിന്തുണ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ജനത്തിന്റ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവിന്റെ കുറ്റപ്പെടുത്തൽ. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ തലസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുകയാണെന്നും ഓരോ സംഭവം നടക്കുമ്പോഴും അത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംസ്ഥാനത്ത് പൊലീസിനെ നിയന്ത്രിക്കുന്നത് പാർട്ടി നേതാക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

