ലണ്ടൻ: റഷ്യക്കെതിരെ കടുത്ത നടപടികളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അഞ്ച് റഷ്യൻ ബാങ്കുകൾക്ക് ബ്രിട്ടൺ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. മൂന്ന് സമ്പന്നരുടെ ആസ്തി ബ്രിട്ടൺ മരവിപ്പിക്കുകയും ചെയ്തു. റോസിയാസ് ബാങ്ക്, ഐഎസ് ബാങ്ക്, ജനറൽ ബാങ്ക്, പ്രോംസ്വ്യാസ്ബാങ്ക്, ബ്ലാക് സീ ബാങ്ക് തുടങ്ങിയവയ്ക്കാണ് ബ്രിട്ടൺ ഉപരോധം ഏർപ്പെടുത്തിയത്. ജെന്നഡി ടിംചെങ്കോ, ബോറിസ് റോട്ടൻബെർഗ്, ഇഗോർ റോട്ടൻബെർഗ് എന്നിവരുടെ ആസ്തിയാണ് ബ്രിട്ടൺ മരവിപ്പിച്ചത്.
റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ യുക്രൈന്റെ കിഴക്കൻ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബ്രിട്ടന്റെ നടപടി. ബ്രിട്ടനൊപ്പം സഖ്യരാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. യുക്രൈന്റെ കിഴക്കൻ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി പുടിൻ പ്രഖ്യാപിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം യുക്രൈൻ അതിർത്തിയിലെ റഷ്യൻ പ്രകോപനത്തിന് പിന്നാലെ വിപണിയിൽ റഷ്യൻ കമ്പനികളുടെ ഓഹരികൾ കുത്തനെ ഇടിയുകയാണ്. റഷ്യൻ സമ്പദ് രംഗത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ബ്രിട്ടൺ ഉൾപ്പെടെ ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ റഷ്യയുടെ നില കൂടുതൽ പരുങ്ങലിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

