അഡ്വ. രാമന്‍ പിള്ളക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയ സംഭവത്തില്‍ നിയമനടപടി സ്വീകരിക്കും: അഭിഭാഷക സംഘടന

ഗൂഢാലോചനക്കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കാരണത്തില്‍ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍ പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അറിയിച്ചു. ക്രൈംബ്രാഞ്ചിന്റെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത് നിയമവിരുദ്ധമായ നടപടിയാണെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, താന്‍ ഈ കേസുമായി ബന്ധപ്പെട്ട പ്രതിയുടെ അഭിഭാഷകനാണ്. കേസില്‍ സ്വാഭാവികമായി ആളുകളുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷെ ഈ കേസിലെ സാക്ഷിയുമായി ഒരുഘട്ടത്തില്‍ പോലും യാതൊരു തരത്തിലുള്ള ബന്ധവും സ്ഥാപിച്ചിട്ടില്ല. ഈ പരാതി പറയുന്ന വ്യക്തിയുടെ പക്കല്‍ ഇക്കാര്യത്തില്‍ കൃത്യമായ തെളിവുകള്‍പോലും ഇല്ല. അതിനാല്‍ തന്നെ ഈ ആരോപണത്തില്‍ തനിക്ക് ഹാജരാകാനോ വിശദീകരണം നല്‍കാനോ കഴയില്ലെന്ന് അഡ്വ. ബി രാമന്‍ പിള്ള ക്രൈം ബ്രാഞ്ചിന് നല്‍കിയ മറുപടിയില്‍ വിശദീകരിച്ചു.

അതേസമയം, തുടരന്വേഷണത്തിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ മൂന്നാം എതിര്‍ കക്ഷിയാക്കി വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.