തിരുവനന്തപുരം: എം. ശിവശങ്കറിന്റെ പുസ്തകമിറങ്ങിയതോടെയാണ് സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ചകള്‍ വീണ്ടും സൈബറിടങ്ങളില്‍ സജീവമായത്. ശിവശങ്കര്‍ പുസ്തകമെഴുതാനായി സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലന്ന് നജീബ് കാന്തപുരം എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം, സ്വപ്‌ന സുരേഷിന്റെ ഭര്‍ത്താവിന് കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി ജോലി നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസ് എംഎല്‍എ എം. വിന്‍സെന്റ് ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമാക്കി. വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ശിവശങ്കറിന് പണം ലഭിച്ചിട്ടുണ്ടെന്ന സ്വപ്‌നയുടെ ആരോപണത്തിനും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്. ലൈഫ് ഭവന നിര്‍മ്മാണം പൂര്‍ണമായും റെഡ്ക്രസന്റിന്റെ ചുമതലയിലാണെന്നും, ക്രമക്കേടുകളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സ്‌പേസ്പാര്‍ക്കില്‍ നിയമിതയായ സ്വപ്‌ന സുരേഷിന് നല്‍കിയ ശമ്പളം തിരികെ നല്‍കാന്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് കത്തെഴുതി. തുക ഈടാക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

