അനാവശ്യ നോട്ടിഫിക്കേഷനുകള്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം?

ആന്‍ഡ്രോയിഡ് ഫോണുകളിലെ നോട്ടിഫിക്കേഷനുകള്‍ നിറഞ്ഞിരിക്കുന്നത് കാണുമ്പോള്‍ പലര്‍ക്കും ദേഷ്യം വരാറുണ്ട്. ആവശ്യമുള്ള നോട്ടിഫിക്കേഷനുകള്‍ക്ക് മാത്രമായി അവ എങ്ങനെ ക്രമീകരിക്കാം എന്ന് പലപ്പോഴും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാവാം. എന്നാല്‍, ഇത്തരം അനാവശ്യ മെസേജുകള്‍ ബ്ലോക്ക് ചെയ്യാന്‍ വഴിയുണ്ട്. ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് ഒരു ആപ്പില്‍ നിന്നുള്ള അനാവശ്യ അറിയിപ്പുകള്‍ തടയാന്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കഴിയും. എങ്ങനെയെന്ന് നോക്കാം…

ഘട്ടം 1: ഒരു ആപ്പില്‍ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനുകളും (അറിയിപ്പുകള്‍) പൂര്‍ണ്ണമായി തടയുന്നതിന്, ആ ആപ്പില്‍ നിന്നുള്ള ഏതെങ്കിലും നോട്ടിഫിക്കേഷനില്‍ കുറച്ചു നേരം ടാപ്പ് ചെയ്ത് പിടിക്കുക. അപ്പോള്‍ ദൃശ്യമാകുന്ന സെറ്റിങ്‌സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. സെറ്റിങ്‌സ് എന്ന് എഴുതിയ നിലയിലോ ഒരു ഗിയര്‍ ഐക്കണിന്റെ രൂപത്തിലോ ആയിരിക്കും ഈ ഓപ്ഷന്‍ ദൃശ്യമാവുക.

ഘട്ടം 2: സെറ്റിങ്‌സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ആ പ്രത്യേക ആപ്പിന്റെ നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സ് ഓപ്ഷന്‍ ലഭിക്കും. ഇതില്‍ ആപ്പില്‍ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനും തടയുന്നതിനായി ഷോ ഓള്‍ നോട്ടിഫിക്കേഷന്‍ എന്ന ഓപ്ഷന്‍ അണ്‍ചെക്ക് ചെയ്യുക.

മെസേജ് അയക്കുന്നതിനുള്ള ആപ്പുകള്‍ പോലെ നിങ്ങള്‍ ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന ആപ്പുകള്‍ക്കോ മറ്റ് പ്രധാന ആപ്പുകള്‍ക്കോ ഇത്തരത്തില്‍ മുഴുവന്‍ നോട്ടിഫിക്കേഷനും ഓഫാക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നില്ല. അത്തരം സാഹചര്യങ്ങളില്‍ ആപ്പുകളില്‍ നിന്നുള്ള തിരഞ്ഞെടുത്ത നോട്ടിഫിക്കേഷനുകള്‍ മാത്രം ബ്ലോക്ക് ചെയ്യാം.

ചിലപ്പോള്‍, ഒരു ആപ്പില്‍ നിന്നുള്ള ചില നോട്ടിഫിക്കേഷനുകള്‍ മാത്രം നിങ്ങള്‍ക്ക് തടയേണ്ടതുണ്ടാവും. പണമിടപാടുമായി ബന്ധപ്പെട്ട ആപ്പുകള്‍ക്ക് ഇത് ഉപയോഗപ്രദമാകും, അവിടെ പണമിടപാടുകളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയിപ്പ് ലഭിക്കണം, എന്നാല്‍ ലോണ്‍ ഓഫറുകളെ കുറിച്ചോ മറ്റോ ഉള്ള നോട്ടിഫിക്കേഷനുകള്‍ ലഭിക്കേണ്ടതുണ്ടാവുകയുമില്ല. അത് എങ്ങനെ ചെയ്യണമെന്ന് നോക്കാം.

ഘട്ടം 1: നിങ്ങള്‍ ചില നോട്ടിഫിക്കേഷനുകള്‍ മാത്രം ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആപ്പിന്റെ നോട്ടിഫിക്കേഷനില്‍ ദീര്‍ഘനേരം ക്ലിക്ക് ചെയ്യുക. സെറ്റിങ്‌സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 2: സെറ്റിങ്‌സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ആ പ്രത്യേക ആപ്പിന്റെ നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സ് ഓപ്ഷന്‍ ലഭിക്കും. ഇതില്‍ ആപ്പില്‍ നിന്നുള്ള വിവിധ നോട്ടിഫിക്കേഷനുകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ടാവും. അതില്‍ നിങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന നോട്ടിഫിക്കേഷനുകള്‍ അണ്‍ചെക്ക് ചെയ്യുക.

ഉദാഹരണത്തിന്, ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നുള്ള ‘റിമൈന്‍ഡ് മീ’, ‘ഫ്‌ലിപ്പ്കാര്‍ട്ട് കമ്മ്യൂണിറ്റി’ നോട്ടിഫിക്കേഷനുകള്‍ നിങ്ങള്‍ക്ക് വേണ്ട എന്നാല്‍ ഓഫറുകളെക്കുറിച്ചുള്ള നോട്ടിഫിക്കേഷന്‍ വേണം എന്നാണെങ്കില്‍ നിങ്ങള്‍ക്ക് അത്തരത്തില്‍ ക്രമീകരിക്കാം. ‘റിമൈന്‍ഡ് മീ’, ‘ഫ്‌ലിപ്പ്കാര്‍ട്ട് കമ്മ്യൂണിറ്റി’ എന്നിവ അണ്‍ചെക്ക് ചെയ്ത് ഓഫറുകളുടെ നോട്ടിഫിക്കേഷന്‍ മാത്രം സെലക്ട് ചെയ്ത് വയ്ക്കാം.