സ്വപ്‌ന സുരേഷിനോട് വിരോധമില്ല; എച്ച്ആര്‍ഡിഎസിനെ നയിക്കുന്നത് കള്ളസംഘമെന്ന് എസ്. കൃഷ്ണകുമാര്‍

സ്വപ്ന സുരേഷിനോട് ഒരു വിരോധവും ഇല്ലെന്ന് വ്യക്തമാക്കി എച്ച് ആര്‍ ഡി എസ് സംഘടനയുടെ ചെയര്‍മാനും ബിജെപി നേതാവുമായ എസ്. കൃഷ്ണകുമാര്‍ രംഗത്ത്. എച്ച്ആര്‍ഡിഎസ്സ് എന്ന സന്നദ്ധസംഘടനയില്‍ സിഎസ്ആര്‍ ഡയറക്ടറായുള്ള സ്വപ്‌നയുടെ നിയമനം വിവാദത്തിലായിരിക്കുകയാണ്. തന്നെ പുറത്താക്കിയെന്ന് പറയുന്ന എച്ച്ആര്‍ഡിഎസിന്റെ മിനുട്‌സ് വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.

എച്ച്ആര്‍ഡിഎസിനെ ഇപ്പോള്‍ നയിക്കുന്നത് നാല് പേരടങ്ങുന്ന കള്ള സംഘമാണ്. നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നിട്ടില്ല. ഇപ്പോഴത്തെ നേതൃത്വം തന്റെ കള്ള ഒപ്പിട്ടതാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ യഥാര്‍ത്ഥ ഡയറക്ടര്‍ ബോര്‍ഡ് ആരെന്ന് ബോധ്യപ്പെടുമെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. എച്ച്ആര്‍ഡിഎസിന്റെ സെക്രട്ടറിയായ അജി കൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും സ്വപ്നയെ നിയമിച്ചതിന് നിയമസാധുതയില്ലെന്നും അദ്ദേഹം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. നിയമ വിരുദ്ധമായ നീക്കങ്ങളാണ് നടക്കുന്നത്. സംഘടനയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയെന്ന്‌ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു

കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സൊസൈറ്റി രജിസ്ട്രാറിനും മുമ്പാകെയുള്ള രേഖകളില്‍ ഇപ്പോഴും താനാണ് അധ്യക്ഷന്‍. സ്വപ്ന സുരേഷിന്റെ നിയമനത്തില്‍ തനിക്ക് അറിവോ ബന്ധമോ ഇല്ല. അധ്യക്ഷനെന്ന നിലയില്‍ തന്റെയോ ബോര്‍ഡിന്റെയോ അംഗീകാരമില്ലാതെ അജികൃഷ്ണന്‍ നടത്തിയതാണ് സ്വപ്‌നയുടെ നിയമനമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.