ഡീസല്‍ വില വര്‍ധനക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ഐഒസിയില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ പര്‍ച്ചേസ് നടത്തില്ലെന്നും സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ വാങ്ങാനാണ് തീരുമാനമെന്നും ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കേന്ദ്രം കെഎസ്ആര്‍ടിസിക്ക് മേല്‍ വലിയ ഭാരമാണ് അടിച്ചേല്‍പ്പിക്കുന്നത്. ഇന്ധനത്തിന്റെ ബള്‍ക്ക് പര്‍ച്ചേസിന് വന്‍ തുക രാജ്യത്താകമാനം ഈടാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പൊതുമേഖല കടന്നു പോകുന്നത്. സംസ്ഥാനത്തെ പരിമിത സൗകര്യങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ പമ്പുകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. സ്വകാര്യ പമ്പുകളെക്കാള്‍ കൊടുക്കുന്നതിനേക്കാള്‍ വില കുറച്ചാണ് കെഎസ്ആര്‍ടിസി ബള്‍ക് പര്‍ച്ചേഴ്സിന് നല്‍കിക്കൊണ്ടിരുന്നതെന്നും ഗതാഗതമന്ത്രി അറിയിച്ചു.
ലിറ്ററിന് 98 രൂപ 15 പൈസയാക്കിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വില നിശ്ചയിച്ചത്. പുതിയ നിരക്ക് പ്രകാരം 6.73 രൂപയുടെ വര്‍ധനയാണ് നിലവില്‍ വന്നത്. കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വില ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കുത്തനെ കൂട്ടിയത്. അതേസമയം സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനാല്‍ കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനസ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

