സര്‍ക്കാര്‍ ശത്രുവല്ല; എന്റെ എല്ലാ പിന്തുണയും പരിഗണനയുമുണ്ട്: ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തന്റെ ശത്രുവല്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ എന്റേതാണ്. അവര്‍ക്ക് എന്റെ എല്ലാ പിന്തുണയും പരിഗണനയുമുണ്ട്. കുടുംബത്തിലെ തലവന്‍ അംഗങ്ങളോട് ഇത് ശരിയല്ലെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്?-ഗവര്‍ണര്‍ ചോദിച്ചു.

ഗവര്‍ണറുടെ വാക്കുകള്‍

‘എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ താന്‍ മാനിക്കുന്നു. എനിക്കെന്റെ കാഴ്ചപ്പാടുണ്ട്. എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണെങ്കില്‍ ജനാധിപത്യം എങ്ങിനെയാണ് മുന്നോട്ട് പോവുക? അവര്‍ക്ക് (സിപിഎമ്മിന്) അവരുടെ കാഴ്ചപ്പാടുണ്ടാകും. എനിക്ക് എന്റെ കാഴ്ചപ്പാടുണ്ട്. സംസ്ഥാനത്ത് 30 വര്‍ഷത്തിലേറെ ജോലി ചെയ്യുന്ന ജീവനക്കാരോട് പെന്‍ഷനിലേക്ക് തങ്ങളുടെ വിഹിതം അടയ്ക്കാന്‍ ആവശ്യപ്പെടുന്നു. സര്‍വകലാശാലകളിലെ ജീവനക്കാരോട് പോലും പങ്കാളിത്ത പെന്‍ഷന്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇവിടെയൊരു പ്രിവിലേജ്ഡ് ക്ലാസുണ്ട്. അവര്‍ക്ക് രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചാല്‍ പെന്‍ഷന്‍ കിട്ടും. രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകരാവും. അവര്‍ക്ക് പെന്‍ഷനായി സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കും. പൊളിറ്റിക്കല്‍ പാര്‍ട്ടി കേഡറിന് സര്‍ക്കാര്‍ പണം നല്‍കേണ്ട യാതൊരു കാര്യവുമില്ല. പക്ഷെ ഞാന്‍ എല്ലാവരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ബഹുമാനിക്കുന്നു. സര്‍ക്കാര്‍ എന്റെ സര്‍ക്കാരാണ്. താനവരെ ശത്രുവായി കാണുന്നില്ല. കുടുംബത്തിലെ തലവന്‍ അംഗങ്ങളോട് ഇത് ശരിയല്ലെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? അവരെന്റെ ശത്രുവല്ല. അവര്‍ക്ക് എന്റെ എല്ലാ പിന്തുണയും പരിഗണനയുമുണ്ട്. പ്രതിപക്ഷ നേതാവിനെതിരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് ഉപദേശം നല്‍കുകയായിരുന്നു. ആരെയെങ്കിലും അപമാനിക്കാനും അധിക്ഷേപിക്കാനും അദ്ദേഹം ശ്രമിക്കുമ്പോള്‍ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും കൂടെയാണ് അപമാനിക്കുന്നത്. അവരോട് ബഹുമാനം സൂക്ഷിക്കൂ, എങ്കില്‍ അദ്ദേഹത്തിനും ഉയര്‍ന്ന ബഹുമാനം തിരികെ ലഭിക്കും. അവരെ ബഹുമാനിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെങ്കില്‍ അദ്ദേഹത്തെ സഹായിക്കാന്‍ എനിക്കും സാധിക്കില്ല. നിങ്ങളേക്കാള്‍ മുതിര്‍ന്നവരെ ബഹുമാനിക്കൂവെന്ന് മാത്രമാണ് അദ്ദേഹത്തോട് പറഞ്ഞത്’- ഗവര്‍ണര്‍ പറഞ്ഞു.