ഇനി ഉറങ്ങാം, സുരക്ഷിതമായി; ‘എന്റെ കൂട്’ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്തെ നിര്‍ധനരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആശ്രയമായി ‘എന്റെ കൂട്’. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും (12 വയസ്സ് വരെ) സൗജന്യമായി രാത്രി താമസ സൗകര്യം ഒരുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണ് ഇത്‌. വിവിധ ജില്ലകളിലായി നിരവധി പേര്‍ക്കാണ് ഈ പദ്ധതിയിലൂടെ തലചായ്ക്കാന്‍ ഇടം ലഭിച്ചത്.

പദ്ധതിയില്‍ വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ഏഴു വരെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി സുരക്ഷിത വിശ്രമ സൗകര്യം ഉറപ്പു വരുത്തുന്നു. ഒരു രാത്രി 50 പേര്‍ക്ക് വരെ ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കും. തുടര്‍ച്ചയായി മൂന്നു ദിവസം വരെ ഈ സൗകര്യം ലഭിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത. ഇതില്‍ ശീതീകരിച്ച മുറി സൗകര്യം, സൗജന്യ താമസം, സൗജന്യ ഭക്ഷണം, സുരക്ഷ, ടെലിവിഷന്‍, അടുക്കള, ശുചിമുറി എന്നവ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, ആവശ്യമുള്ളവര്‍ക്ക് കംപ്യൂട്ടറും ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.

2016ല്‍ കോഴിക്കോട് ജില്ലയിലെ കസബ പോലീസ് സ്റ്റേഷന് സമീപത്തും തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്സിനുള്ളിലും ‘എന്റെ കൂട്’ പദ്ധതി ആരംഭിച്ചിരുന്നു. ഒരു മാനേജര്‍, ഒരു ക്ലീനിംഗ് സ്റ്റാഫ്, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സേവനവും ഇവിടെ നിന്നും ലഭിക്കും. രജിസ്‌ട്രേഷന്‍ ആവശ്യങ്ങള്‍ക്കായി പ്രത്യേക കൗണ്ടറും ഉണ്ടാകും. പോലീസ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും ഏകോപനത്തോടെ ജില്ലാ സാമൂഹ്യനീതി ഓഫീസറാണ് പദ്ധതി നടപ്പിലാക്കുന്നത്.