‘കഴിവുകേടുകളെ മറയ്ക്കുന്നതിന് സ്വന്തം ചരിത്രത്തെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്’; ബിജെപിക്കെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌

ന്യൂഡല്‍ഹി: സ്വന്തം പാപക്കറ മറച്ചുവയ്ക്കാന്‍ കോണ്‍ഗ്രസിനെയും ജവഹര്‍ലാല്‍ നെഹ്രുവിനെയും ബിജെപി പഴിചാരുകയാണെന്ന രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ്. കഴിഞ്ഞ ഏഴു വര്‍ഷമായി രാജ്യം ഭരിച്ചിട്ടും കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. കഴിവുകേടുകളെ മറയ്ക്കുന്നതിന് സ്വന്തം ചരിത്രത്തെ കുറ്റപ്പെടുത്തുകയല്ല പോംവഴിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഇപ്പോഴും ഇന്ത്യയിലെ ജനങ്ങള്‍ ഓര്‍മിക്കുന്നുണ്ട്. എന്നാല്‍, ബി ജെ പി ഭരണത്തിന് കീഴില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും ആവുകയാണ്. പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷകര്‍ തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയെ അധിക്ഷേപിക്കാനായിരുന്നു പ്രധാനമന്ത്രിക്കും ബി ജെ പിക്കും കൂടുതല്‍ താല്‍പര്യം-മന്‍മോഹന്‍ സിംഗ് അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല നിലവിലെ പ്രശ്‌നങ്ങളെന്നും ചൈന അതിര്‍ത്തിയില്‍ ദിവസം തോറും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദിവസം ആരോടും പറയാതെ ശത്രുരാജ്യത്തെ പ്രധാനമന്ത്രിയെ ചെന്ന് കെട്ടിപിടിച്ചാലോ വിളിക്കാത്ത വിരുന്ന് ഉണ്ണാന്‍ ചെന്നാലോ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നും മന്‍മോഹന്‍ സിംഗ് പരിഹസിച്ചു. പഞ്ചാബ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോയിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.