‘ഗവര്‍ണര്‍ ഗവര്‍ണറുടെ പണി ചെയ്താല്‍ മതി, മതം പറയാന്‍ മതപണ്ഡിതന്മാരുണ്ട്’; രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ്‌

കോഴിക്കോട്: ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ മുസ്ലീം ലീഗ്. മതം പറയാന്‍ ഇവിടെ മതപണ്ഡിതന്മാരുണ്ട്. മതവിശ്വാസമില്ലാത്ത, മതാചാരങ്ങള്‍ പാലിക്കാത്ത വ്യക്തി മതനിയമങ്ങളില്‍ അഭിപ്രായം പറയുകയോ ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയോ വേണ്ടെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം കെ. പി.എ മജീദ് പറഞ്ഞു. സംഘപരിവാറിന്റെ താളത്തിനൊത്ത് തുള്ളുകയും രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുകയും ചെയ്യുന്ന പ്രവണത മുന്‍പും ഗവര്‍ണറില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിനെ നിയമപരമായു രാഷ്ട്രീയപരമായും നേരിടും. കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളില്ല. മതേതര കേരളത്തെ വര്‍ഗീയമായി തരംതിരിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. നിരന്തരം വിവാദമുണ്ടാക്കുന്നത് ആരിഫ്ഖാന്‍ പതിവാക്കിയിരിക്കുകയാണ്. സംഘപരിവാര്‍ അജണ്ടകള്‍ കേരളത്തില്‍ നടപ്പാവില്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണ്’- മജീദ് ഓര്‍മ്മപ്പെടുത്തി.

എല്ലാ മതങ്ങളെയും മതാചാരങ്ങളെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് കേരളത്തിനുള്ളത്. ഭരണഘടനാ പദവിയിലിരുന്ന് മതത്തെയും മതനിയമങ്ങളെയും വിമര്‍ശിക്കുന്ന നിലപാട് ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.