തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ഇബിയിലെ ക്രമക്കേടാരോപണത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എം മണി രംഗത്ത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണ കാലത്താണ് കെഎസ്ഇബി ഏറ്റവും കൂടുതല്‍ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടത്തിയതെന്നും മണി ആരോപിച്ചു. അന്നത്തെ കോണ്‍ഗ്രസ് മന്ത്രിയായിരുന്ന ആര്യാടന് മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍വെച്ച് കോടികളുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ കൈകള്‍ ശുദ്ധമാണ്. കെഎസ് ഇബി വിഷയത്തില്‍ ആവശ്യമെങ്കില്‍ അന്വേഷണം നടക്കട്ടെയെന്നും മണി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡില്‍ ക്രമക്കേടുണ്ടായെന്ന കെഎസ്ഇബി ചെയര്‍മാന്റെ ആരോപണം ഏറ്റെടുത്ത് വിഡി സതീശന് നേരത്തെ രംഗത്തെത്തിയിരുന്നു. ‘വൈദ്യുതി ബോര്‍ഡില്‍ കഴിഞ്ഞ അഞ്ചര വര്‍ഷമായി നടക്കുന്നത് കടുത്ത അഴിമതിയാണ്. ഈ ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. മുഖ്യമന്ത്രിയും അന്നത്തെ വൈദ്യുതി മന്ത്രിയും ഇക്കാര്യങ്ങള്‍ വിശദീകരിക്കണം. കെഎസ്ഇബി ക്ഷണിച്ചു വരുത്തിയ നഷ്ടം ചാര്‍ജ് വര്‍ധനയിലൂടെ സാധരാണക്കാരന് തിരിച്ചടിയാവുകയാണ്. ഇപ്പോഴത്തെ വൈദ്യുതി മന്ത്രി കൃഷ്ണന് കുട്ടി ചെയര്മാന് ബി അശോക് പറഞ്ഞ ഒന്നും നിഷേധിച്ചിട്ടില്ല. പാര്‍ട്ടി ഓഫീസു പോലെയാണ് കെഎസ്ഇബി പ്രവര്‍ത്തിക്കുന്നത്’- സതീശന് വ്യക്തമാക്കി.
എന്നാല്‍, ഡോ.ബി.അശോക് രാജിവെച്ചൊഴിയണമെന്ന നിലപാടിലാണ് ഇടത് യൂണിയനുകള്‍. വൈദ്യുതി ഭവന് മുന്നിലെ ഇടത് യൂണിയനുകളുടെ സമരം മൂന്നാം ദിവസവും തുടരുകയാണ്. നാളെ ഉച്ചക്ക് ഇടത് മുന്നണി കണ്‍വീനറും, ട്രേഡ് യൂണിയന് നേതാക്കളും വൈദ്യുതി മന്ത്രിയുമായി ചര്‍ച്ച നടത്തും.

