മുംബൈയിലെ ഭൂമിയിടപാടുകൾ ഇപ്പോഴും നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മുംബൈ: മുംബൈയിലെ ഭൂമിയിടപാടുകൾ ഇപ്പോഴും നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിം. ഇടനിലക്കാരിലൂടെയാണ് ദാവൂദ് ഇബ്രാഹീം ഭൂമി ഇടാപടുകൾ നിയന്ത്രിക്കുന്നത്. മുംബൈ നഗരത്തിലെ പത്ത് വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡ് 1993ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ മുഖ്യആസൂത്രകനായ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള ചില റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെയും കള്ളപ്പണം വെളുപ്പിക്കൽ കേസുകളുടെയും അടിസ്ഥാനത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മുംബൈയിൽ ഒമ്പത് സ്ഥലങ്ങളിലും താനെയിൽ ഒരിടത്തുമാണ് റെയ്ഡ് നടന്നത്.

ഇപ്പോഴും മുംബൈയിൽ നടക്കുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ അവസാനത്തെകണ്ണിയും ആദ്യത്തെ കണ്ണിയും ദാവൂദ് തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരം. മുംബൈയിൽ അധികൃതർ നടത്തിയ പരിശോധനയിൽ ഛോട്ടാ ഷക്കീലിന്റെ സഹോദരീ ഭർത്താവ് സലിം ഫ്രൂട്ട്‌സിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ എൻഐഎ നടത്തിയ ഒരു അന്വേഷണ റിപ്പോർട്ടും ചില രഹസ്യപ്പൊലീസ് വിവരങ്ങളും ചേർത്ത് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് തീവ്രവാദ പ്രവർത്തനങ്ങളും രാജ്യദ്രോഹപ്രവർത്തനങ്ങളും വ്യാപിപ്പിക്കുന്നതിനുള്ള വിവിധ ഭീകരവാദ രഹസ്യസംഘങ്ങൾക്കാണ് ഈ പണം ഉപയോഗിക്കുന്നതെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

ചില ഉന്നതർ ദാവൂദിനെ സഹായിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അവരിൽ ചിലർക്ക് ദാവൂദ് മുംബൈ നഗരത്തിൽ നടത്തിയ ഭൂമി ഇടപാടുകളിൽ നേരിട്ട് ബന്ധമുള്ളതായി എൻഐഎ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇത് വേണ്ടി കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എൻഫോഴ്‌സ്‌മെന്റ് പരിശോധനകൾ നടത്തിയത്.