ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഗോവയിൽ രേഖപ്പെടുത്തിയത് 79 ശതമാനം പോളിംഗ്. ഉത്തരാഖണ്ഡിൽ 62 ശതമാനം പോളിംഗും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിൽ 61 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഗോവയിലും ഉത്തരാഖണ്ഡിലും അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. അതേസമയം ബിജെപിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പറഞ്ഞു.
40 നിയോജക മണ്ഡലങ്ങളിലേക്കാണ് ഗോവയിൽ തെരഞ്ഞെടുപ്പ് നടന്നത്. മുൻ മുഖ്യമന്ത്രിയും മുൻ പ്രതിരോധമന്ത്രിയുമായിരുന്ന മനോഹർ പരീക്കറുടെ വിയോഗത്തിനു ശേഷം ഗോവയിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഉത്തരാഖണ്ഡിൽ 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 13 ജില്ലകളാണ് ഉത്തരാഖണ്ഡിലുള്ളത്. 632 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടിയത്. ഉത്തർപ്രദേശിൽ 9 ജില്ലകളിലെ 55 സീറ്റുകളിലേക്കായി 586 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ മത്സര രംഗത്തുണ്ടായിരുന്നത്.
ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, സ്വതന്ത്ര സ്ഥാനാർഥി ഉത്പൽ പരീക്കർ, പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത്, എഎപി മുഖ്യമന്ത്രി സ്ഥാനാർഥി അമിത് പലേക്കർ ഉൾപ്പെടെയുള്ള പ്രമുഖർ സംസ്ഥാനത്ത് ആദ്യ മണിക്കൂറുകളിൽ വോട്ട് രേഖപ്പെടുത്തി. അതേസമയം ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയും ബിജെപിയും പണം നൽകി വോട്ട് വാങ്ങുന്നു എന്നാരോപിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഗോവയിലും ഉത്തരാഖണ്ഡിലും ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു.

