ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ തിരിച്ചയച്ചു; പരീക്ഷ എഴുതാൻ അനുവദിച്ചില്ല

ബംഗളൂരു: കർണാടകയിൽ ഹിജാബ് വിവാദം കനക്കുന്നു. സംസ്ഥാനത്ത് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ രണ്ട് സ്ഥലങ്ങളിൽ പരീക്ഷ എഴുതിച്ചില്ല. കുടകിൽ 30 വിദ്യാർത്ഥിനികളെ പത്താം ക്ലാസ് മോഡൽ പരീക്ഷ എഴുതിക്കാതെ തിരിച്ചയച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ശിവമൊഗ്ഗയിൽ 13 വിദ്യാർത്ഥിനികൾ പരീക്ഷ ബഹിഷ്‌കരിക്കുകയും ചെയ്തു. ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന നിലപാടിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർത്ഥികളുടെ നടപടി.

ഹിജാബും ബുർഖയും ധരിച്ചെത്തിയവരെ സ്‌കൂളുകളുടെ പ്രധാന കവാടത്തിൽ വച്ച് അധ്യാപകർ തടയുകയായിരുന്നു. ഹിജാബും ബുർഖയും അഴിച്ചുമാറ്റിയ ശേഷമാണ് വിദ്യാർത്ഥികളെ ക്ലാസുകളിലേക്ക് കയറ്റിയത്. ഹിജാബ് വിഷയത്തിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ കർണാടകയിലെ 1 മുതൽ 10 വരെയുള്ള ക്ലാസുകൾ പുനരാരംഭിച്ചിരുന്നു. ഹിജാബ് ധരിച്ചവരെ പ്രവേശിപ്പിക്കാത്തിന്റെ പേരിൽ മാണ്ഡ്യയിലും ശിവമൊഗ്ഗയിലും രക്ഷിതാക്കളും അധ്യാപകരും തമ്മിൽ വാക്കേറ്റവും നടന്നു.

ഹിജാബ് വിഷയത്തിൽ വിധി വരുന്നത് വരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്നായിരുന്നു കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്. ഹർജിയിൽ തീർപ്പ് കൽപ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഹിജാബ് വിഷയത്തിൽ അടച്ചു പൂട്ടിയ കോളേജുകൾ തുറക്കണമെന്നായിരുന്നു കോടതി നൽകിയിരുന്ന നിർദ്ദേശം.