വനത്തിൽ അതിക്രമിച്ച് കടന്നു; ബാബുവിനെതിരെ കേസ്

പാലക്കാട്: ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ കേസെടുത്ത് വനംവകുപ്പ്. കേരള ഫോറസ്റ്റ് ആക്റ്റ് (27) പ്രകാരമാണ് നടപടി. വനത്തിൽ അതിക്രമിച്ച് കടന്നതിനാണ് വാളയാർ റെയ്ഞ്ച് ഓഫീസർ ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ബാബുവിനൊപ്പം മലകയറിയ വിദ്യാർത്ഥികൾക്ക് എതിരെയും കേസ് എടുത്തതായി അധികൃതർ വ്യക്തമാക്കി.

സ്വാഭാവിക നടപടി ആയിക്കോട്ടെ എന്ന് ബാബുവിന്റെ ഉമ്മ പ്രതികരണം നടത്തിയത് കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇനിയും ആളുകൾ മലകയറുന്ന പ്രവണത തടയാനും കൂടിയാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയ ചെറാട് സ്വദേശി ആർ.ബാബുവിന് നൽകിയ പ്രത്യേക അനുകൂല്യം നിയമലംഘനത്തിനുള്ള ലൈസൻസ് ആയി കണക്കാക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. കുമ്പാച്ചിമലയിൽ അനധികൃതമായി കയറുന്നവർക്കെതിരെ നടപടിയുണ്ടാകും. വനമേഖല സന്ദർശിക്കുന്നവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് നിബന്ധനകൾ ഏർപ്പെടുത്തിയത്. അത്തരം നിയന്ത്രണങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ല. അടിക്കടി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നിയമം കർശനമായി നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം വീണ്ടും ഒരാൾ പാലക്കാട് കുമ്പാച്ചി മല കയറിയിരുന്നു. മലയുടെ മുകൾ ഭാഗത്ത് നിന്ന് ഫ്‌ളാഷ് ലൈറ്റുകൾ തെളിഞ്ഞത് ആദ്യം നാട്ടുകാരാണ് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിച്ചു. ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാഗത്തിൽപ്പെട്ട രാധാകൃഷ്ണൻ (45) എന്നയാളെ വന മേഖലയിൽ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.