അമൃത്സർ: പഞ്ചാബിൽ അധികാരത്തിലെത്തിയാൽ കേന്ദ്ര സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നാണ് ആം ആദ്മി പാർട്ടിയുടെ നിലപാട്. പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്.
പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണമെന്നതാണ് ശ്രദ്ധേയമാകുന്നത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആംആദ്മി പാർട്ടി ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യില്ല. പഞ്ചാബിൽ അധികാരത്തിൽ വന്നാൽ, പഞ്ചാബിന്റേയും രാജ്യത്തിന്റേയും സുരക്ഷയുടെ വിഷയത്തിൽ കേന്ദ്രവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു.
പ്രധാനമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തിൽ രാഷ്ട്രീയം പാടില്ലാത്തതാണ്. എന്നാൽ ഇരുഭാഗത്ത് നിന്നും രാഷ്ട്രീയം ഉണ്ടായതായും അദ്ദേഹം വിമർശിച്ചു.

