തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കൂടുതൽ ഇളവ് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവു നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാവിലെ ആറ് മുതൽ രാത്രി 10 മണി വരെ പ്രചാരണം നടത്താനുള്ള അനുമതി നൽകിയത്.

രാത്രി പ്രചാരണത്തിനുള്ള വിലക്ക് 10 മണി മുതൽ രാവിലെ ആറ് മണി വരെയാക്കുകയും ചെയ്തു. രാത്രി എട്ട് മണി മുതൽ രാവിലെ എട്ട് മണി വരെയായിരുന്നു നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പദയാത്രകൾക്കും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ പദയാത്രകൾ നടത്താൻ ജില്ലാ അധികൃതരുടെ അനുമതി ആവശ്യമാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതിക്കുന്നത്ര പ്രവർത്തകർക്ക് മാത്രമാണ് അനുമതി ലഭിക്കുക.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് റാലികൾക്കും റോഡ് ഷോകൾക്കും പദയാത്രകൾക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.