രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് വേണം; സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി

ന്യൂഡൽഹി: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി. ഹിജാബുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിട്ടുള്ളത്. സമത്വവും സാഹോദര്യവും ദേശീയോദ്ഗ്രഥനവും ഉറപ്പുവരുത്താൻ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകർക്കും ഡ്രസ് കോഡ് വേണമെന്നാണ് ഹർജിയിൽ ഉന്നയിക്കുന്ന ആവശ്യം. നിഖിൽ ഉപാധ്യായ എന്ന വ്യക്തിയാണ് ഹർജി സമർപ്പിച്ചത്. ഹിജാബ് നിരോധനത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്ന കാര്യവും ഹർജിയിൽ പറയുന്നു. ഡ്രസ് കോഡുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സുപ്രീംകോടതി നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം കർണാടകയിലെ ഹിജാബ് വിവാദം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കണോ എന്നാലോചിക്കണമെന്ന് നേരത്തെ സുപ്രീംകോടതി അറിയിച്ചിരുന്നു. ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ഉചിതമായ സമയത്ത് ഇടപെടുമെന്നും കോടതി പറഞ്ഞിരുന്നു. ഹിജാബ് വിവാദത്തിൽ അന്തിമ ഉത്തരവ് വരും വരെ മതാചാര പ്രകാരമുള്ള വസ്ത്രങ്ങൾ ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തരുതെന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് വിദ്യാർത്ഥി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്. എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കുകയാണെന്നായിരുന്നു ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ പരാമർശം.

ഇടക്കാല ഉത്തരവ് നടപ്പിലാക്കുമ്പോൾ ഭരണഘടനയുടെ ഇരുപത്തി അഞ്ചാം അനുച്ഛേദ പ്രകാരമുള്ള അവകാശങ്ങൾ തങ്ങൾക്ക് നിഷേധിക്കപ്പെടുന്നുവെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന് സീനിയർ അഭിഭാഷകൻ ദേവദത്ത് കാമത്ത് സുപ്രീം കോടതിയിൽ പറഞ്ഞു. എന്നാൽ എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ കോടതിക്ക് ബാധ്യതയുണ്ടെന്നും ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടൽ ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കർണാടകയിൽ നടക്കുന്നത് തങ്ങൾ വീക്ഷിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഹൈക്കോടതിയാണ് ആദ്യം തീരുമാനം എടുക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

പതിനഞ്ചാം തീയതി മുതൽ പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കുമെന്നും അതിനാൽ ഇടക്കാല ഉത്തരവ് നടപ്പിലാക്കിയാൽ പരീക്ഷയ്ക്ക് ഹാജരാകാൻ ബുദ്ധിമുട്ടാകുമെന്നും ഹർജിക്കാരുടെ വാദം. ഇടക്കാല ഉത്തരവ് സിഖ് മത വിഭാഗത്തിൽപ്പെട്ടവർക്ക് ഉൾപ്പടെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് സീനിയർ അഭിഭാഷകൻ ദേവ്ദത്ത് കാമത്ത് അറിയിച്ചിരുന്നു.