നിയമലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കും; ഉത്തർപ്രദേശ് സർക്കാരിനെതിരെ സുപ്രീം കോടതി

ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരിൽ നിന്ന് നാശനഷ്ടത്തിന് പണം ഈടാക്കാൻ നോട്ടീസ് അയച്ചതിനാണ് ഉത്തർപ്രദേശ് സർക്കാരിനെതിരെ സുപ്രീം കോടതി വിമർശനം ഉന്നയിച്ചത്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് നടപടികൾ പിൻവലിക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നൽകി. നിയമലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു. നടപടികൾ പിൻവലിക്കാൻ ഈ മാസം 18 വരെയാണ് സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിന് നൽകിയിരിക്കുന്ന സമയം.

ഉത്തർപ്രദേശ് സർക്കാർ പരാതിക്കാരന്റെയും, വിധികർത്താവിന്റെയും, പ്രോസിക്യൂട്ടറുടെയും ജോലികൾ ഒറ്റയ്ക്ക് ഏറ്റെടുത്ത് ചെയ്ത പ്രവർത്തി ശരിയല്ലെന്നാണ് കോടതിയുടെ വിമർശനം. നടപടികൾ പിൻവലിച്ചില്ലെങ്കിൽ കോടതി ഇക്കാര്യത്തിൽ ഇടപെടുമെന്നും മുന്നറിയിപ്പുണ്ട്.

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ പൊതുമുതൽ നശിപ്പിച്ചതിന്റെ പണം ഈടാക്കാൻ പ്രതിഷേധക്കാർക്ക് അയച്ച നോട്ടീസിനെതിരെ പർവായിസ് ആരിഫ് ടിറ്റു സമർപ്പിച്ച ഹർജി പരിഗണിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമർശങ്ങൾ. ആറ് വർഷങ്ങൾക്ക് മുമ്പ് മരിച്ച ഒരാൾക്കെതിരെയും 90 വയസിന് മുകളിൽ പ്രായമുള്ള രണ്ട്‌പേർക്കും ഉൾപ്പെടെ ഇത്തരം നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.