നിയമലംഘനം; രാജ്യത്ത് സെൻസോഡൈൻ ഉത്പന്നങ്ങളുടെ പരസ്യത്തിന് വിലക്ക്

തിരുവനന്തപുരം: രാജ്യത്ത് സെൻസോഡൈൻ ഉത്പന്നങ്ങളുടെ പരസ്യത്തിന് വിലക്ക്. കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേറ്ററിന്റെ ഉത്തരവ് പ്രകാരമാണ് സെൻസോഡൈൻ ഉത്പന്നങ്ങൾളുടെ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് വിവരം. നിയമലംഘനത്തിന്റെ പേരിലാണ് നടപടിയെന്നും റിപ്പോർട്ടുകളുണ്ട്. ജിഎസ്‌കെ ഹെൽത്ത്‌കെയറിന്റെ ബ്രാന്റാണ് സെൻസോഡൈൻ.

ഇന്ത്യയ്ക്ക് പുറത്ത് സേവനം എടുക്കുന്ന ഡെന്റിസ്റ്റുകൾ പരസ്യത്തിൽ സെൻസോഡൈൻ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പ്രത്യക്ഷപ്പെടുന്നുവെന്നാണ് സിസിപിഎയുടെ കണ്ടെത്തൽ. ഉത്തരവ് പുറത്തിറങ്ങി ഏഴു ദിവസത്തിനുള്ളിൽ ഉത്തരവ് പിൻവലിക്കണമെന്നാണ് സിസിപിഎ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019 സെക്ഷൻ 2 (28) ന്റെ ലംഘനമായതിനാലാണ് പരസ്യം തടഞ്ഞ ഉത്തരവ് പുറപ്പെടുവിച്ചത്.

ലോകമെങ്ങുമുള്ള ഡെന്റിസ്റ്റുകൾ നിർദേശിക്കുന്ന ബ്രാന്റ്, ശാസ്ത്രീയമായി പരിഹാരമുണ്ടാകും എന്ന് നിർദേശിക്കപ്പെട്ടത്, 60 സെക്കന്റിനുള്ളിൽ പ്രവർത്തിക്കുന്നു, തുടങ്ങിയ സെൻസൊഡൈൻ പരസ്യത്തിലെ അവകാശവാദങ്ങൾ പരിശോധിച്ച് 15 ദിവസത്തിൽ റിപ്പോർട്ട് നൽകാൻ സമർപ്പിക്കണമെന്നും സിസിപിഎ നിർദ്ദേശിക്കുന്നു.

ഡയറക്ടർ ജനറൽ ഇൻവസ്റ്റിഗേഷനാണ് സിസിപിഎ ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ജനുവരി 27 നാണ് ബ്രാന്റായ സെൻസോഡൈനെതിരെ സിസിപിഎ വിധി പുറപ്പെടുവിച്ചത്. നാപ്‌ടോൾ ഓൺലൈൻ ഷോപ്പിംഗിനെതിരെയും സിസിപിഎ ഉത്തരവിറക്കി. വ്യാപാര മര്യാദകൾ ലംഘിച്ചതിനും, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിനും 10 ലക്ഷം രൂപ പിഴയും നാപ്‌ടോളിന് വിധിച്ചിട്ടുണ്ട്. ഫെബ്രുവരി 2 നാണ് സിസിപിഎ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. രണ്ട് സെറ്റ് സ്വർണ്ണാഭരണം’, ‘മാഗ്‌നറ്റിക് കീ സപ്പോർട്ട്, അക്വപ്രഷർ യോഗ സ്ലിപ്പർ എന്നീ അവകാശവാദങ്ങൾക്കെതിരെയാണ് നാപ്‌ടോളിനെതിരെ നടപടി സ്വീകരിച്ചത്.