തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച 26-ാമത് രാജ്യാന്തര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.കെ) 2022 മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരത്തു വെച്ച് നടത്തും. മാർച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്.
എട്ടു ദിവസത്തെ മേളയിൽ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്സ് ഉൾപ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകൾ ഉൾപ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകൾ 26ാമത് ഐ.എഫ്.എഫ്.കെയിൽ ഉണ്ട്. അന്തരിച്ച നടൻ നെടുമുടി വേണുവിന് ആദരമർപ്പിച്ചുകൊണ്ടുള്ള റെട്രോസ്പെക്റ്റീവ് ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംഘർഷഭരിതമായ ദേശങ്ങളിലെ ജീവിതം പകർത്തുന്ന ഫിലിംസ് ഫ്രം കോൺഫ്ലിക്റ്റ് എന്ന പാക്കേജ് 26-ാമത് മേളയുടെ ആകർഷണങ്ങളിലൊന്നാണ്. അഫ്ഗാനിസ്ഥാൻ, ബർമ്മ, കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളിൽ ഫിപ്രസ്കി പുരസ്കാരം കിട്ടിയ സിനിമകളുടെ പാക്കേജ് ഫിപ്രസ്കി ക്രിട്ടിക്സ് വീക്ക് എന്ന പേരിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

