ബച്ചൻ പാണ്ഡേയിലെ നായക കഥാപാത്രത്തിന് അക്ഷയ് കുമാറിന്റെ പ്രതിഫലം 99 കോടി

ബോളിവുഡിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടന്മാരിലൊരാളാണ് അക്ഷയ് കുമാർ. ബച്ചൻ പാണ്ഡേയാണ് ഇനി അക്ഷയ് കുമാറിന്റേതായി പുറത്തു വരാനുള്ള ചിത്രം. ബച്ചൻ പാണ്ഡേയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹം 99 കോടിയാണ് പ്രതിഫലം വാങ്ങിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഫർഹാദ് സാംജിയാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ഹോളി റിലീസ് ആയി മാർച്ച് 18 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ആകുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്.

നിർമ്മാതാക്കൾക്ക് ഏറ്റവും വിശ്വാസത്തോടെ പണം നിക്ഷേപിക്കാവുന്ന നായക നടന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അക്ഷയ് കുമാർ. മിഷൻ സിൻഡറെല്ല, ബഡെ മിയാൻ ഛോട്ടെ മിയാൻ എന്നീ ചിത്രങ്ങൾക്ക് അക്ഷയ് വാങ്ങിയിരിക്കുന്നത് 135 കോടി വീതമാണ്.

ബെൽബോട്ടത്തിന് 117 കോടിയും സൂര്യവൻശിക്ക് 70 കോടിയും പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെറു ചിത്രങ്ങൾക്ക് പ്രതിഫലം കുറച്ചുകൊണ്ട് പ്രോഫിറ്റ് ഷെയറിംഗ് രീതിയിലും അക്ഷയ് കുമാർ ഡേറ്റ് കൊടുക്കുന്നുണ്ട്. മിനിമം പ്രതിഫലം വാങ്ങിക്കൊണ്ട് തനിക്ക് പ്രതീക്ഷയുള്ള പ്രോജക്റ്റുകളിൽ 40-50 ശതമാനം ലാഭവിഹിതമാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളതെന്നും വിവരമുണ്ട്.