‘അബദ്ധം പറ്റിയാല്‍ യുപി കേരളമാകും’; വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി യോഗി

ന്യൂഡല്‍ഹി: അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്ന് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ദിനത്തില്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് തന്റെ ട്വിറ്റര്‍ പേജിലൂടെ വീഡിയോ സന്ദേശമായി മുന്നറിയിപ്പ് നല്‍കുകയായിരുന്നു യുപി മുഖ്യമന്ത്രി.

‘എന്റെ മനസ്സില്‍ ഉള്ള ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റിയാല്‍, ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചു പോകും. ഉത്തര്‍പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം എടുക്കില്ല. നിങ്ങളുടെ വോട്ട് അഞ്ചു വര്‍ഷത്തെ എന്റെ പ്രയത്‌നത്തിനുള്ള അനുഗ്രഹമാണ്. നിങ്ങളുടെ ഭയരഹിത ജീവിതത്തിനുള്ള ഉറപ്പുകൂടിയാണ് ഇത്. ഒരു വലിയ തീരുമാനത്തിനുള്ള സമയമായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അര്‍പ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും എല്ലാം ചെയ്തു. നിങ്ങള്‍ എല്ലാം കാണുകയും എല്ലാം വിശദമായി കേള്‍ക്കുകയും ചെയ്തിട്ടുണ്ട്’- ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യോഗി പറഞ്ഞു.

പടിഞ്ഞാറന്‍ യു.പിയില്‍ 58 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 2.27 കോടി വോട്ടര്‍മാര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും. പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലായി 623 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണിക്കാണ് പോളിങ് ആരംഭിച്ചത്.