കാലം മാറിയിട്ടും സേനയില്‍ മാറ്റമില്ല; പോലീസിന്റെ വാക്കുകള്‍ അറപ്പുളവാകുന്നതാകരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സേനയിലെ ചില ഉദ്യോഗസ്ഥരുടെ നാവില്‍നിന്ന് വരുന്നത് കേട്ടാല്‍ അറപ്പുളവാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലം മാറിയിട്ടും പോലീസ് സേനയില്‍ മാറ്റം ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആധുനിക പരിശീലനം ലഭിച്ചിട്ടും പഴയതിലെ ചില തികട്ടലുകളുണ്ടാകുന്നുണ്ട്. പൊതുവേ പോലീസ് സേനയ്ക്ക് ഇത് കളങ്കമുണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണഗതിയില്‍ കേട്ടാല്‍ അറപ്പുളവാക്കുന്ന വാക്കുകള്‍ ഉതിര്‍ക്കാനുള്ളതല്ല പോലീസിന്റെ നാക്ക് എന്നത് തിരിച്ചറിയണം, മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കോവിഡിലും പ്രളയകാല പ്രതിസന്ധിയിലും കേരളത്തിലെ ജനങ്ങളുമായി അടുത്ത് നില്‍ക്കാന്‍ പോലീസിന് കഴിഞ്ഞു. എന്നാല്‍, ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടാകുന്നത് സേനയുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചില സബ് ഇന്‍സ്‌പെക്ടര്‍മാര്‍ നില വിട്ട് പ്രവര്‍ത്തിച്ചുവെന്നും അന്വേഷിച്ചപ്പോള്‍ ഇവര്‍ ഒരു പ്രത്യേക കാലഘട്ടത്തില്‍ പരിശീലനം നേടിയവരാണെന്ന് മനസ്സിലായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എസ്.ഐമാരുടെ പാസ്സിങ് ഔട്ട് പരേഡില്‍ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.