ഓസ്‌കാർ നോമിനേഷൻ; പട്ടികയിൽ നിന്നും മരയ്ക്കാറും ജയ്ഭീമും പുറത്ത്‌

ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ നിന്നും മരക്കാർ: അറബിക്കടലിന്റെ സിംഹം, ജയ് ഭീം തുടങ്ങിയ ചിത്രങ്ങൾ പുറത്ത്. അതേസമയം ഇന്ത്യൻ ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത് ഫയർ’ നോമിനേഷൻ പട്ടികയിൽ ഇടംനേടി. ചൊവ്വാഴ്ച്ച വൈകുന്നേരം ആറരയോടെയാണ് 94-മത് അക്കാദമി അവാർഡിനുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചത്. 276 ചിത്രങ്ങൾക്കൊപ്പമാണ് മരക്കാറും ജയ് ഭീമും പരിഗണന പട്ടികയിൽ ഇടം നേടിയിരുന്നത്.

മികച്ച ഫീച്ചർ സിനിമ, സ്‌പെഷ്യൽ എഫക്ട്‌സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളിൽ ദേശീയ പുരസ്‌കാരം നേടിയ ചിത്രമായിരുന്നു മോഹൻലാൽ നായകനായെത്തിയ മരയ്ക്കാർ. കഴിഞ്ഞ വർഷം ഡിസംബർ 2 നാണ് മരയ്ക്കാണ് തീയേറ്ററുകളിൽ എത്തിയത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യ്തിരുന്നു. മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മണിക്കുട്ടൻ ബാബു രാജ്, ഇന്നസെന്റ്, സുഹാസിനി, കല്യാണി പ്രിയദർശൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ് മരയ്ക്കാർ. പ്രിയദർശനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത്. സാബു സിറിളാണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ. ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എന്റ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് സി.ജെ എന്നിവർ ചേർന്നാണ് മരയ്ക്കാർ നിർമ്മിച്ചത്.

സൂര്യ കേന്ദ്ര കഥാപാത്രമായ ചിത്രമാണ് ജയ്ഭീം. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ ചിത്രീകരിച്ച സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നവംബർ 2 നാണ് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസായത്. ചിത്രത്തിൽ പ്രധാനവേഷത്തിൽ മലയാള നടിമാരായ ലിജിമോൾ ജോസും രജിഷ വിജയനും എത്തുന്നുണ്ട്. 2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യ തന്നെയാണ് തിരം നിർമ്മിച്ചിരിക്കുന്നത്. പ്രകാശ് രാജ്, രമേഷ്, മണികണ്ഠൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. എസ് ആർ കതിർ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.