ഗുർമീത് റാം റഹീം സിംഗിന് പരോൾ; നടപടി പഞ്ചാബ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് വിമർശനം

ചണ്ഡിഗഡ്: ദേര സച്ച സൗദ ആദ്ധ്യാത്മിക നേതാവ് ഗുർമീത് റാം റഹീം സിംഗിന് പരോൾ. കൊലക്കേസിലും ബലാത്സംഗ കേസിലും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഗുർമീതിന് 21 ദിവസത്തേക്കാണ് ഹരിയാന പ്രത്യേക പരോൾ അനുവദിച്ചത്. ഹരിയാനയിലെ റോഹ്തകിൽ ജയിലിൽ കഴിയുന്ന ഗുർമീതിന് മുൻപ് ആരോഗ്യനില വഷളായി ചികിത്സയിലുളള അമ്മയെ കാണാനും ആരോഗ്യ പരിശോധകൾക്കുമായി മൂന്ന് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. എന്നാൽ ഇത്തവണ 21 ദിവസത്തെ പരോളാണ് നൽകിയിരിക്കുന്നത്. പരോൾ അനുവദിച്ചതിന്റെ കാരണങ്ങളൊന്നും ഇതുവരെ ഹരിയാന സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തുള്ള ഹരിയാന സർക്കാരിന്റെ നടപടി വിമർശനങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്.

പഞ്ചാബിലെ മാൾവ മേഖലയിൽ വലിയ സ്വാധീനമുളള വ്യക്തിയാണ് ഗുർമീത് റാം റഹീം സിംഗ്. പഞ്ചാബ് ബിജെപി ഘടകത്തെ സഹായിക്കാനാണ് ഇപ്പോൾ ഗുർമീതിന് പരോൾ അനുവദിക്കുന്നതെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം. തനിക്കോ തന്റെ സർക്കാരിനോ ഈ തീരുമാനത്തിൽ യാതൊന്നും ചെയ്യാനില്ലെന്നും നിലവിലെ പ്രോട്ടോകോൾ അനുസരിച്ച് മാത്രമാണ് റാം റഹീമിന് പരോൾ നൽകിയതെന്നുമാണ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറയുന്നത്. 69 നിയമസഭാ മണ്ഡലങ്ങളാണ് ഗുർമീതിന് സ്വാധീനമുളള മാൾവ മേഖലയിലുള്ളത്. പഞ്ചാബിലെ ആകെ നിയമസഭാ സീറ്റുകളുടെ പകുതിയിലേറെ വരുമിത്.

117 സീറ്റുകളാണ് പഞ്ചാബിലുളളത്. 2002ൽ കോൺഗ്രസിനാണ് ദേര സച്ച സൗദ പിന്തുണ നൽകിയത്. 2007 ൽ പിന്തുണ തുടർന്നു. മികച്ച വിജയം തുടർന്നു. 2017ൽ ബിജെപിക്ക് പിന്തുണ നൽകിയെങ്കിലും പാർട്ടിയ്ക്ക് അധികാരത്തിലേറാൻ കഴിഞ്ഞിരുന്നില്ല. ഫെബ്രുവരി 20 നാണ് പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കുക. ഇതിന് തൊട്ടടുത്ത ദിവസമാണ് ഗുർമീതിന്റെ പരോൾ അവസാനിക്കുന്നത്. മാദ്ധ്യമപ്രവർത്തകയെ ബലാൽസംഗം ചെയ്ത് കൊന്ന കേസിലും സ്വന്തം മാനേജരെ കൊന്ന കേസിലുമാണ് ഗുർമീത് ജയിലിൽ കഴിയുന്നത്.