കൊച്ചി: ദിലീപിനെതിരെയുള്ള ഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതായി ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ള. എഫ് ഐ ആറിൽ ഉള്ള ഒരു കുറ്റവും നിലനിൽക്കില്ല എന്ന് കോടതിക്ക് വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു. കേസിലെ എഫ്ഐആർ റദ്ദാക്കാൻ ഉടൻ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദരേഖ റെക്കോർഡ് ചെയ്തത് ഏത് ഡിവൈസിലാണെന്ന് കണ്ടെത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് സംവിധാനം ഉപയോഗിച്ച് ദിലീപിനെ പ്രതിയാക്കാൻ നോക്കുകയാണ്. ഇന്ന് കൂടി ദിലീപിന്റെ വീടിനു പോലീസ് വളഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവ് ഇല്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടപ്പോൾ ദിലീപിനെ കുടുക്കാൻ ഉണ്ടാക്കിയ കള്ളക്കേസ് ആണിത്. പരിശോധിച്ച ഫോണിൽ തെളിവില്ലെന്നും ഈ കേസിലെ എഫ് ഐ ആർ നിലനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

