തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ സന്ദർശനം പൂർത്തിയാക്കി സംസ്ഥാനത്തേക്ക് തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹം ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തിയത്. രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി ഒരു മണിക്കൂറോളം നേരം ഗവർണറുമായി സംസാരിച്ചു.
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെ കുറിച്ച് മുഖ്യമന്ത്രി ഗവർണറിന് വിശദീകരിച്ച് നൽകിയെന്നാണ് വിവരം. ലോകായുക്ത ഓർഡിനൻസ് ഭരണഘടനയനുസരിച്ചാണെന്ന് മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. ഓർഡിനൻസിൽ ഇനി ഗവർണ്ണറുടെ നിലപാട് നിർണ്ണായകമാണ്.
ഓർഡിനൻസ് കൊണ്ട് വരാനിടയായ സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രി ഗവർണർക്ക് വിശദീകരിച്ച് നൽകി. നിലവിലെ നിയമത്തിൽ ഭരണഘടന വിരുദ്ധമായ വകുപ്പ് ഉണ്ടെന്നും അത് കൊണ്ടാണ് നിയമ ഭേദഗതി കൊണ്ട് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന വിരുദ്ധമാണ്. ഇക്കാര്യത്തിൽ സർക്കാരിന് നിയമോപദേശം ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ ഓർഡിനൻസിൽ ഗവർണർ ഇതുവരെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഗവർണ്ണർ ഓർഡിനൻസിൽ ഒപ്പ് വച്ചാൽ സർക്കാരിന് ഗുണമാകും. ഗവർണർ ഓർഡിനൻസ് തിരിച്ചയക്കുകയാണെങ്കിൽ അത് സർക്കാരിന് കനത്ത തിരിച്ചടിയാകുകയും ചെയ്യും.

