ആടിന് താടിയും സംസ്ഥാനങ്ങൾക്ക് ഗവർണറേയും ആവശ്യമുണ്ടോ; വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: ഗവർണർക്കെതിരെ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നീറ്റ് പ്രവേശന പരീക്ഷയെ എതിർത്തുകൊണ്ടുള്ള ബിൽ തമിഴ്‌നാട് ഗവർണർ തിരിച്ചയച്ചതിനെതിരെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. ആടിന് താടിയും സംസ്ഥാനങ്ങൾക്ക് ഗവർണറേയും ആവശ്യമുണ്ടോയെന്നാണ് സ്റ്റാലിന്റെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഗവർണ്ണർക്കെതിരെ വിമർശനം ഉന്നയിച്ചത്.

എഐഎഡിഎംകെ, ബിജെപി, പിഎംകെ, ഇടത് പാർട്ടികൾ ഉൾപ്പെടെ 234 അംഗ നിയമസഭയിൽ പ്രാധിനിധ്യമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് സർവകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചുകൊണ്ട് സ്റ്റാലിൻ കത്തയക്കുകയും ചെയ്തു.

നീറ്റ് പരീക്ഷയെ എതിർത്തു കൊണ്ടുള്ള ബില്ലിനെതിരെുള്ള ഗവർണറുടെ പരാമർശങ്ങൾ സ്വീകാര്യമല്ലെന്ന് സ്റ്റാലിൻ അറിയിച്ചു. വീണ്ടും ബിൽ പാസാക്കാനുള്ള നടപടി ഡിഎംകെ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷയെ എതിർത്തു കൊണ്ടുള്ള ബിൽ വിദ്യാർത്ഥി വിരുദ്ധമാണെന്നും പോരായ്മകളുണ്ടെന്നും ആരോപിച്ചാണ് ഗവർണർ ബിൽ മടക്കി അയച്ചത്.