ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്കായി നിലവിൽ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരൻ, മെട്രോമാൻ ഈ ശ്രീധരൻ, കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയവരുൾപ്പെടുന്ന ബി.ജെ.പിയുടെ പ്രതിനിധി സംഘം വെള്ളിയാഴ്ച ഉച്ചയ്ക്ക് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
അന്തിമ ലൊക്കേഷൻ സർവേ, ലാന്റ് പ്ലാൻ അനുമതി എന്നിവ ഇല്ലാതെ ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. പദ്ധതിയിലെ ഗുരുതരമായ പിഴവുകൾ ഈ ശ്രീധരൻ ചൂണ്ടിക്കാട്ടിയതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഫൈനൽ ലൊക്കേഷൻ സർവ്വെ, ലാൻഡ് പ്ലാൻ,അലൈൻമെൻറ് ഇവയൊന്നും ഇല്ലാതെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകുന്നത് ശരിയായ നടപടി അല്ലെന്നും ഇൻ പ്രിൻസിപ്പൽ അപ്രൂവൽ എന്ന് പറഞ്ഞാൽ ഭൂമിയേറ്റെടുക്കാനുള്ള ലൈസൻസല്ലെന്നും കേന്ദ്ര വിദേശ-പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി. അശാസ്ത്രീയമായ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നീക്കം കേരളത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
സിൽവർ ലൈൻ പദ്ധതി പദ്ധതിയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ , ഡിപിആറിലെ അപൂർണ്ണതകൾ, പതിനായിരങ്ങൾ കുടി ഒഴിപ്പിക്കൽ ഭീഷണി നേരിടുന്ന സാഹചര്യം തുടങ്ങിയ വിവിധ കാര്യങ്ങൾ കേന്ദ്ര റെയിൽ മന്ത്രിയുമായി കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ചർച്ച ചെയ്തു. ഡിപിആറിലെ അശാസ്ത്രീയതകൾ മെട്രോമാൻ ഇ ശ്രീധരൻ റെയിൽ മന്ത്രിയെ ധരിപ്പിച്ചു. പദ്ധതി കേരളത്തിനെ രണ്ടായി വിഭജിക്കുമെന്നും പാരിസ്ഥിതികമായി തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ സംബന്ധിച്ച് കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര റെയിവേ മന്ത്രി അശ്വിനി വൈഷ്ണവ് ബിജെപി പ്രതിനിധി സംഘത്തെ അറിയിച്ചിരുന്നു.

