നാല് ലക്ഷം പേര്‍ക്ക് ജോലി, സ്ത്രീകള്‍ക്ക് 40% സംവരണം: ‘ഉത്തരാഖണ്ഡ് സ്വാഭിമാന്‍ പ്രതിജ്ഞാപത്ര’യുമായി കോണ്‍ഗ്രസ്‌

വരാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ ‘ഉത്തരാഖണ്ഡ് സ്വാഭിമാന്‍ പ്രതിജ്ഞാപത്ര’ എന്ന പേരില്‍ പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. സംസ്ഥാനത്തെ 70 നിയമസഭാ മണ്ഡലങ്ങളിലും തത്സമയം സംപ്രേക്ഷണം ചെയ്ത വെര്‍ച്വല്‍ റാലിയിലാണ് പ്രിയങ്കാ ഗാന്ധി പ്രകടനപത്രിക പുറത്തിറക്കിയത്. പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം, നാല് ലക്ഷം പേര്‍ക്ക് ജോലി, ടൂറിസം പോലീസ് സേന സൃഷ്ടിക്കും. 40 ശതമാനം സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കും. എല്‍പിജി വില 500 രൂപയായി നിജപ്പെടുത്തും എന്നിവയാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. പെട്രോള്‍, ഡീസല്‍ വിലയിലെ വര്‍ധന കാരണം ഡബിള്‍ എഞ്ചിന്‍ എന്ന് വിളിക്കപ്പെടുന്ന എഞ്ചിന്‍ തന്നെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള കരിമ്പ് കര്‍ഷകരുടെ കുടിശിക 14000 കോടി രൂപയാണെന്നും പ്രധാനമന്ത്രിക്ക് രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ചെലവഴിച്ച 16000 കോടി രൂപ ഇതിനായി ഉപയോഗിച്ചിരുന്നെങ്കില്‍ അത് എളുപ്പത്തില്‍ തീര്‍പ്പാക്കാമായിരുന്നുവെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

അതിനാല്‍, വോട്ടെടുപ്പിനെ ഗൗരവമായി കാണണമെന്നും മാറ്റം കൊണ്ടുവരാന്‍ ഏറ്റവും ശക്തിയേറിയ ആയുധമായി ഉപയോഗിക്കണമെന്നും പ്രിയങ്ക ഗാന്ധി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോഴും കാണാന്‍ കഴിയുന്നത്. മാറ്റം കൊണ്ടുവരാനാകുമെങ്കിലും ജനങ്ങളുടെ അവകാശങ്ങള്‍ക്കും കുട്ടികളുടെ ഭാവിക്കും വേണ്ടി പോരാടാന്‍ ജനങ്ങള്‍ ഉണര്‍ന്നെഴുന്നേറ്റാല്‍ മാത്രമേ കഴിയൂവെന്നും പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിസന്ധിയില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്ന യാതൊരു പ്രഖ്യാപനങ്ങളും കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചില്ലെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.