നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച. കർഷകസമരം അവസാനിപ്പിക്കാനായി കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെ നടപ്പിലാക്കിയില്ലെന്നാരോപിച്ചാണ് കിസാൻ മോർച്ച ബിജെപിക്ക് എതിരെ പ്രചാരണം നടത്തുമെന്ന് അറിയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകാൻ വേണ്ടി പ്രവർത്തിക്കുമെന്നാണ് സംയുക്ത കിസാൻ മോർച്ച അറിയിച്ചത്. ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉത്തർപ്രദേശിലെ ജനങ്ങൾക്ക് നിവേദനം കൈമാറുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

ബിജെപിക്കെതിരെ ഗ്രാമങ്ങൾ തോറും വ്യാപക പ്രചാരണം നടത്താനും കിസാൻ മോർച്ച തീരുമാനിച്ചു. കാർഷിക മേഖലയെ വലിയ രീതിയിൽ ബജറ്റിൽ അവഗണിച്ചുവെന്നും കർഷക മോർച്ച വ്യക്തമാക്കി.

കർഷകരോട് പക വീട്ടുന്നത് പോലെയാണ് കേന്ദ്രത്തിന്റെ നിലപാടെന്നുമാണ് കിസാൻ മോർച്ച വ്യക്തമാക്കുന്നത്. നെല്ല്, ഗോതമ്പ് എന്നീ വിളകളുടെ താങ്ങുവിലയ്ക്ക് വേണ്ടി 2.37 ലക്ഷം കോടി രൂപ മാറ്റിവച്ചത് മാത്രമായിരുന്നു കാർഷിക മേഖലയ്ക്ക് വേണ്ടിയുള്ള ബജറ്റിലെ പ്രധാന പ്രഖ്യാപനം.