തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ ഡി.പി.ആറില്‍ മാറ്റം വരുത്താമെന്ന് കെ-റെയില്‍ എംഡി വി.അജിത് കുമാര്‍ അറിയിച്ചു. സാമൂഹിക ആഘാത പഠനം ഉടന്‍ പൂര്‍ത്തികീരിക്കുമെന്നും. റെയില്‍വേയുമായി ചേര്‍ന്ന് സാങ്കേതിക-പ്രായോഗിക പരിശോധനകള്‍ ആരംഭിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ ഡി.പി.ആര്‍ പൂര്‍ണമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാങ്കേതിക വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ-റെയില്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കെ റെയില്‍ എംഡി. എന്നാല്‍, കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചതായി എവിടെയും പറഞ്ഞിട്ടില്ലെന്ന് അധികൃതര്‍ വിശദീകരിച്ചു.
അതേസമയം, ഒരു പദ്ധതിയുടെ ഡിപിആര്‍ എന്ന് പറഞ്ഞാല്‍ അതിന്റെ സമ്പൂര്‍ണ്ണ വിശദ വിവരങ്ങളാണ്. ഏറ്റവും നിസാരമായ കാര്യങ്ങള്‍ പോലും അതില്‍ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഇതിന് ആരാണ് ഡിപിആര്‍ എന്ന് പേരിട്ടതെന്നും അദ്ദേഹം പരിഹസിച്ചു.

