ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയിൽ ചിത്രീകരിച്ച വിഷയത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചതായി കേന്ദ്രം. വിഷയവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രേഖാമൂലം നൽകിയ മറുപടിയിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെബ്സൈറ്റിൽ ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട വിഷയം ഉന്നതതല സമിതിയിൽ ഉൾപ്പെടെ ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തെറ്റായ രീതിയിൽ ഭൂപടം ചിത്രീകരിച്ച സംഭവത്തിൽ വെബ്സൈറ്റിൽ നിഷേധക്കുറിപ്പ് നൽകിയതായി ജനീവയിലെ ഇന്ത്യൻ സ്ഥിരം ദൗത്യ സംഘത്തെ അറിയിച്ചതായും അദ്ദേഹം വിശദമാക്കി. ഭൂപടത്തിൽ ജമ്മു കശ്മീരിന് വ്യത്യസ്ത കളർ നൽകിയാണ് ഡബ്ല്യൂ.എച്ച്.ഒ ഔദ്യോഗിക വെബ്സൈറ്റിൽ പങ്കുവെച്ചിരുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യയാണ് ഇതുസംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങൾക്ക് തീർത്തും വ്യത്യസ്തങ്ങളായ നിറങ്ങളാണ് നൽകിയിരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ലോകാരോഗ്യ സംഘടനയിൽ എന്തെങ്കിലും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടോയെന്നുമായിരുന്നു സിന്ധ്യ ചോദിച്ചത്. ഈ ചോദ്യത്തിനാണ് വി മുരളീധരൻ മറുപടി നൽകിയത്.
ഭൂപടത്തിൽ ജമ്മു കശ്മീരിന് വ്യത്യസ്ത നിറം നൽകിയ സംഭവം ആദ്യമായി ഉന്നയിച്ചത് തൃണമൂൽ കോൺഗ്രസ് എംപി ശന്തനു സെൻ ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

