കോഴിക്കോട്: സ്റ്റുഡന്റ് പോലീസിന് മതപരമായ വേഷവിധാനം അനുവദിക്കാനാവില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെ വിമര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ പി കെ ഫിറോസ് രംഗത്ത്.
മതേതരത്വമെന്തെന്ന് നിര്‍വ്വചിക്കാനുള്ള അധികാരം സിപിഎമ്മിനുണ്ട്. പക്ഷേ ആ നിര്‍വ്വചനത്തിനകത്ത് എല്ലാവരും കയറണമെന്ന് വാശി പിടിക്കാന്‍ പാടില്ല
എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് മതേതരത്വം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘പട്ടാളത്തിലും പോലീസിലും സിഖുകാര്‍ക്ക് അവരുടെ വിശ്വാസം മാനിച്ചു തലപ്പാവ് ധരിക്കാന്‍ അനുമതിയുള്ള രാജ്യമാണ് നമ്മുടേത്. പൊലീസുകാര്‍ക്ക് താടിവെക്കാന്‍ നമ്മുടെ സംസ്ഥാനത്ത് അനുമതിയില്ല. പക്ഷെ ശബരിമലക്ക് പോകാന്‍ തയ്യാറെടുത്ത പൊലീസുകാരന് അവന്റെ വിശ്വാസം മാനിച്ചു താടിവെക്കാം.
ഈ അനുമതികളെല്ലാം പ്രസ്തുത വിശ്വാസങ്ങളോടും അവ പിന്തുടരുന്ന അനുയായികളോടുമുള്ള ബഹുമാനത്തിന്റെ ഭാഗമാണ്. അങ്ങനെയാണ് വേണ്ടതും. അതുപോലെ തന്നെയാണ് ആ മുസ്ലിം വിദ്യാര്‍ത്ഥിനിയും ആവശ്യപ്പെട്ടത്.
പക്ഷേ, ‘മതപരമായ വേഷം അനുവദിക്കാന്‍ പറ്റില്ല, അത് തേതരത്വം ഇല്ലാതാക്കുമെന്ന്’ സ്റ്റുഡന്റസ് പൊലീസ് കേഡറ്റിന്റെ വിഷയത്തില്‍ സര്‍ക്കാര്‍ പറഞ്ഞതിന്റെ സാംഗത്യം ഇപ്പോഴും ബോധ്യമായിട്ടില്ല. സംഘപരിവാറിന്റെ വിഘടന, വര്‍ഗീയ രാഷ്ട്രീയ കാലത്ത് അവരേക്കാള്‍ വലിയ വര്‍ഗീയവാദികളാവാനുള്ള ഓട്ടമത്സരത്തിലാണോ സിപിഎം?
മതേതരത്വമെന്തെന്ന് നിര്‍വ്വചിക്കാനുള്ള അധികാരം സിപിഎമ്മിനുണ്ട്. പക്ഷേ ആ നിര്‍വ്വചനത്തിനകത്ത് എല്ലാവരും കയറണമെന്ന് വാശി പിടിക്കാന്‍ പാടില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് മതേതരത്വം കൊണ്ടുള്ള വിവക്ഷ. അല്ലാതെ സി.പി.എം കരുതുന്ന പോലെ തങ്ങളല്ലാത്തവരെ, വിശിഷ്യാ വിശ്വാസികളെ തള്ളുകയും ആവശ്യമെങ്കില്‍ മാത്രം കൊള്ളുകയും ചെയ്യുന്ന തലശേരി കുഞ്ഞിരാമന്‍ ടൈപ്പ് വിശ്വാസ സംരക്ഷണ സിദ്ധാന്തമല്ല.’

