സൗജന്യ സേവനം നിര്‍ത്താനൊരുങ്ങി ഇന്‍സ്റ്റഗ്രാം

ന്യൂഡല്‍ഹി|: ഏറ്റവും ജനപ്രിയമായ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ഇന്‍സ്റ്റഗ്രാം. ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷന്‍ മാത്രമായിരുന്ന ഇന്‍സ്റ്റഗ്രാമിന് ഇന്ത്യയില്‍ കൂടുതല്‍ പ്രചാരം ലഭിക്കുന്നത് ടിക്ക് ടോക്ക് നിരോധിച്ചതോടെയാണ്. പിന്നീട് ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ബ്രാന്‍ഡ് പ്രമോഷന്‍, വാര്‍ത്തകള്‍, ഇന്‍ഫ്ളുവന്‍സേഴ്സ്, വീഡിയോകള്‍ റിവ്യൂ തുടങ്ങിയ വിഷയങ്ങളെല്ലാം ആളുകള്‍ കാണാന്‍ തുടങ്ങി. ഇനി ഇത്തരത്തിലുള്ള എല്ലാ വീഡിയോയും എല്ലാവര്‍ക്കും കാണാന്‍ സാധിക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ചില എക്സ്‌ക്ലൂസിവ് കണ്ടെന്റുകള്‍, വീഡിയോകള്‍, സ്റ്റോറികള്‍ എന്നിവ സബ്സ്‌ക്രിപ്ഷനെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം നല്‍കി സബ്സ്‌ക്രിപ്ഷന്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ പ്രൊഫൈലില്‍ പര്‍പ്പിള്‍ ബാഡ്ജ് കാണപ്പെടും. പല നിരക്കുകളിലാണ് സബ്സ്‌ക്രിപ്ഷന്‍. 85 രൂപ, 440 രൂപ, 890 രൂപ എന്നിങ്ങനെയാകും സബ്സ്‌ക്രിപ്ഷന്റെ നിരക്ക്. ക്രിയേറ്റേഴ്സും, ഇന്‍ഫ്ളുവന്‍സേഴ്സും പോസ്റ്റ് ചെയ്യുന്ന വീഡിയോ, സ്റ്റോറികള്‍, ലൈവ് എന്നിവയ്ക്ക് പ്രത്യേകം പണം ലഭിക്കും.