ജൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേഷമെന്ന് സർക്കാർ

തിരുവനന്തപുരം: സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയിൽ മതപരമായ വേഷം അനുവദിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ജൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേഷമെന്നും മതപരമായ ഒരു ചിഹ്നങ്ങളും ഈ യൂണിഫോമിൽ അനുവദിക്കില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിൽ ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

ഹർജി പരിഗണിച്ച കോടതി ഇക്കാര്യം പരിശോധിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ഇതിനുള്ള മറുപടിയിലാണ് ഹിജാബ് പോലുള്ള മതചിഹ്നങ്ങൾ ഉപയോഗിക്കാനാകില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. നിരവധി മുസ്ലിം വിദ്യാർത്ഥികൾ എസ്പിസിയുടെ ഭാഗമായി പരിശീലനം നേടിയിട്ടുണ്ടെന്നും ഇത്തരമൊരു ആവശ്യം ആരുമുന്നയിച്ചിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് കോടതിയോട് പറഞ്ഞു.

കുറ്റ്യാടി ഹയർ സെക്കന്ററി സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് ഹിജാബ് ധരിക്കണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റുഡന്റ് കേഡറ്റ് യൂണിഫോം ധരിച്ച് നിൽക്കുന്ന ഫോട്ടോ വാട്‌സാപ്പിലെ സ്‌കൂൾ ഗ്രൂപ്പിലേക്ക് അയക്കാൻ കുട്ടിയോട് അധ്യാപകർ നിർദേശിച്ചിരുന്നു. എന്നാൽ യൂണിഫോമിനൊപ്പം ഹിജാബും മുഴുക്കൈനീളമുള്ള ഷർട്ടുമാണ് കുട്ടി ധരിച്ചിരുന്നത്. എന്നാലിത് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമല്ലെന്നും, അനുവദിക്കാനാകില്ലെന്നും, നിഷ്‌കർഷിച്ച വസ്ത്രം തന്നെ ധരിക്കണമെന്നും അധ്യാപകർ കുട്ടിയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഭരണഘടനയുടെ 25(1) വകുപ്പ് പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയെന്നത് തന്റെ അടിസ്ഥാനപരമായ അവകാശമാണെന്നും, മതപരമായ വസ്ത്രം താൻ ധരിക്കുന്നത് കൊണ്ട് സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അച്ചടക്കത്തെയോ മറ്റുള്ളവരുടെ അവകാശത്തെയോ താൻ ഹനിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥി ഹർജി സമർപ്പിച്ചത്.

കുട്ടികളിൽ അച്ചടക്കം, നിയമബോധം, പൗരത്വബോധം, എന്നിവ വളർത്താനായി രൂപീകരിച്ച സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയിൽ എന്തിനേക്കാൾ പ്രാധാന്യം രാജ്യത്തിനാണെന്ന് ആഭ്യന്തര വകുപ്പ് കോടതിയിൽ വ്യക്തമാക്കി. ഇത് കേരളാ പൊലീസിന്റെ ഒരു ഉപവിഭാഗമായി തന്നെയാണ് പ്രവർത്തിക്കുന്നതെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു. കേരളാ പൊലീസിൽ മതഭേദമന്യേ എല്ലാ ഉദ്യോഗസ്ഥരും ഒരേ യൂണിഫോമാണ് ധരിക്കുന്നത്. അവിടെ മതപരമായ ഒരു ചിഹ്നങ്ങളും അനുവദനീയമല്ല. അതേ സംവിധാനം തന്നെയാണ് സ്റ്റുഡൻറ് പൊലീസ് കേഡറ്റും പിന്തുടരുന്നത്. എൻസിസി, സ്‌കൗട്ട് കേഡറ്റ് സംവിധാനത്തിലും സമാനമായ രീതിയിൽ ഒരേ യൂണിഫോമാണുള്ളത്. മതപരമായ ചിഹ്നങ്ങൾ അനുവദിക്കാറില്ല. കാക്കി പാന്റ്, കാക്കി ഷർട്ട്, കറുത്ത ഷൂ, കാക്കി സോക്‌സ്, നീല നിറത്തിലുള്ള ബെറെറ്റ് തൊപ്പി എന്നിങ്ങനെയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നിലവിലെ യൂണിഫോം. പദ്ധതി നടപ്പാക്കിത്തുടങ്ങിയത് മുതൽ ജൻഡർ ന്യൂട്രൽ യൂണിഫോമുകളാണ് എസ്പിസിയിലുള്ളത്. അവിടെ ഇത് വരെ മതപരമായ ചിഹ്നങ്ങൾ അനുവദിച്ചിട്ടില്ല. നിലവിൽ എസ്പിസിയിൽ ട്രെയിനിംഗ് പൂർത്തിയാക്കിയതൽ 50 ശതമാനം പേരും പെൺകുട്ടികളാണ്. ഇതിൽ മതം വേർതിരിച്ച് എത്ര പെൺകുട്ടികളുണ്ട് എന്ന് ആഭ്യന്തരവകുപ്പ് കണക്കാക്കിയിട്ടില്ല. എങ്കിലും ഏതാണ്ട് 12 ശതമാനമെങ്കിലും പെൺകുട്ടികൾ മുസ്ലിം സമുദായത്തിൽ നിന്നായിരുന്നു എന്നാണ് കണക്കുകൂട്ടൽ. ഇതുവരെ അതിലൊരാൾ പോലും മതപരമായ ചിഹ്നങ്ങൾ അനുവദിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

എസ്പിസി എന്നത് ഒരു നിർബന്ധിത സേവനം അല്ല. തീർത്തും വൊളന്ററിയായി മാത്രം കുട്ടികൾക്ക് സ്വീകരിക്കാവുന്ന സർവീസാണ്. ഭരണഘടനയുടെ 19 (2) വകുപ്പ് പ്രകാരം കൃത്യമായ ചട്ടങ്ങൾ പാലിച്ചുകൊണ്ട് തന്നെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനത്തിന് അധികാരമുണ്ട്. കുട്ടികൾക്കിടയിൽ മത, ജാതി, വംശ, ലിംഗ ഭേദമന്യേ ഒരുമയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റെന്നും അതിനാൽ ഹർജിക്കാരിയുടെ ഈ ആവശ്യം അനുവദിക്കാനാകില്ലെന്നും ആഭ്യന്തര വകുപ്പ് പറയുന്നു.