ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്ന ഓർഡിനൻസ്; അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്ന സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസിൽ അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസിൽ നിയമോപദേശം തേടാനാണ് ഗവർണറുടെ തീരുമാനമെന്നാണ് റിപ്പോർട്ട്. ഓർഡിനൻസിനെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് രംഗത്തെത്തിയതോടെയാണ് ഗവർണറുടെ നീക്കം. ബുധനാഴ്ച്ച യുഡിഎഫ് പ്രതിനിധികൾക്ക് ഗവർണർ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്.

രണ്ടാഴ്ച കഴിഞ്ഞ് ബജ്റ്റ് സമ്മേളനം ചേരാനിരിക്കെ തിരക്കു പിടിച്ച് ഓർഡിനൻസ് വേണമോയെന്നും ഗവർണർ സർക്കാരിനോട് ചോദിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ലോകായുക്ത പോലുള്ള ഒരു അഴിമതി വിരുദ്ധ ജുഡീഷ്യൽ സംവിധാനം മാറ്റിമറിച്ച് അപ്പീൽ അധികാരം ഗവർണരിലും മുഖ്യമന്ത്രിയിലും നിക്ഷിപ്തമാക്കുന്നത് അംഗീകരിച്ചാൽ ഉയരാനിടയുള്ള വിമർശനങ്ങളെ കുറിച്ച് അദ്ദേഹം ചിന്തിക്കുന്നുണ്ട്.

മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായ പരാതി ലോകയുക്തയിൽ നിലനിൽക്കെയാണ് നിയമ ഭേദഗതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. ലോകായുക്തയുടെ അധികാരം കുറച്ച് ഓർഡിനൻസ് ഇറക്കുന്നതിന് പിന്നിലെ ലക്ഷ്യം സർക്കാരിന് അഴിമതിയിൽ നിന്നും രക്ഷപ്പെടുകയെന്നതാണെന്ന വിമർശനമാണ് ഉയരുന്നത്.

മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിലുള്ളത് ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതിയാണ്. അന്തരിച്ച എൻ സി പി നേതാവ് ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം നൽകി, അന്തരിച്ച എം എൽ എ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്പ അടക്കാനും സ്വർണ്ണ പണയ വായ്പ എടുക്കാനും 8.5 ലക്ഷം നൽകി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഉൾപ്പെട്ട പോലീസുകാരൻ അപകടത്തിൽപെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം നൽകി തുടങ്ങിയവയാമ് മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ള കേസുകൾ. കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന വിമർശനം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബിന്ദുവിനെതിരെ ലോകായുക്തയിൽ പരാതിയുള്ളത്.

ലോകായുക്തയുടെ അധികാരം കവരും വിധത്തിൽ നിയമ നിർമ്മാണം നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. ലോകായുക്ത വിധി തള്ളാൻ സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. നിലവിൽ ഗവർണറുടെ പരിഗണനയിലാണ് ഓർഡിനൻസ്. ഗവർണർ ഇതിന് അംഗീകാരം നൽകിയാൽ നിയമഭേദഗതി പ്രാബല്യത്തിൽ വരും. ഇതോടെ ലോകായുക്ത പേരിന് മാത്രമായി മാറും.