ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 89 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. വനിതകൾക്ക് പ്രാതിനിധ്യം നൽകിയാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
മൂന്നാം ഘട്ടത്തിൽ പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയിൽ 37 പേർ സ്ത്രീകളാണ്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകൾ ഇത്തവണ വനിതകൾക്കായി കോൺഗ്രസ് മാറ്റിവെച്ചിട്ടുണ്ട്. ആദ്യ രണ്ട് ഘട്ടങ്ങളായി 166 സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നത്.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ആരുമായും സഖ്യം ചേരാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. 403 സീറ്റുകളാണ് ആകെയുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ ഏഴ് മണ്ഡലങ്ങളിലായിരുന്നു കോൺഗ്രസ് വിജയം നേടിയത്.

