‘കേന്ദ്രസര്‍ക്കാരിനെ പരോക്ഷമായി സഹായിക്കുന്ന നടപടിയാണ് ട്വിറ്ററിന്റേത്’; കത്തെഴുതി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ട്വിറ്ററിനെതിരെ പുതിയ സിഇഒയും ഇന്ത്യന്‍ വംശജനുമായ പരാഗ് അഗര്‍വാളിന് കത്തെഴുതി രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിച്ചതില്‍, മനപൂര്‍വമല്ലെങ്കിലും ട്വിറ്ററിനും പങ്കുണ്ടെന്നാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. കത്തിലെ വിശദാംശങ്ങള്‍ എന്‍.ഡി.ടി.വിയാണ് പുറത്ത് വിട്ടിരിക്കുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളുമായി താരതമ്യപ്പെടുത്തുന്ന ഡാറ്റ സഹിതമാണ് രാഹുല്‍ കത്ത് തയ്യാറാക്കിയിരിക്കുന്നത്.

2021ലെ ആദ്യത്തെ ഏഴ് മാസങ്ങളില്‍ ട്വിറ്ററില്‍ തനിക്ക് നാല് ലക്ഷം അധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നെന്നും, പിന്നീട് 2021 ആഗസ്റ്റില്‍ തന്റെ അക്കൗണ്ട് എട്ട് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതിന് ശേഷം ഇടിവ് ഉണ്ടായെന്നും രാഹുല്‍ പറയുന്നു. അതേസമയം മറ്റ് നേതാക്കള്‍ക്ക് ഈ സമയങ്ങളില്‍ തങ്ങളുടെ ഫോളേവേഴ്‌സിന്റെ വര്‍ധനവില്‍ കുറവൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കത്തില്‍ കൂട്ടിച്ചേര്‍ത്തു.
ട്വിറ്ററില്‍ സജീവമാകുന്നതില്‍ നിന്നും, തന്റെ സ്വാധീനം വര്‍ധിപ്പിക്കുന്നതില്‍ നിന്നും തന്നെ തടയുന്നതിനും അടിച്ചമര്‍ത്തുന്നതിനും കേന്ദ്രം ക്യാംപയിന്‍ നടത്തുന്നതായും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാറിനെ പരോക്ഷമായി സഹായിക്കുന്ന നടപടിയാണ് ട്വിറ്ററിന്റേത് എന്നാണ് രാഹുല്‍ ആരോപിക്കുന്നത്.

‘ഇതേ മാസം തന്നെയാണ് ഞാന്‍ ഡല്‍ഹിയിലെ പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ അതിജീവനത്തെക്കുറിച്ച പറഞ്ഞതും, കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുകയും വിവിധ മനുഷ്യാവകാശ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പോരാടുകയും ചെയ്തത്. ഇത് അത്ര യാദൃശ്ചികമല്ല. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കുന്ന എന്റെ ട്വിറ്റര്‍ വീഡിയോ ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതലാളുകള്‍ കണ്ട വീഡിയോകളിലൊന്ന്,” രാഹുല്‍ പറഞ്ഞു. ഇന്ത്യ എന്ന സങ്കല്‍പത്തെ നശിപ്പിക്കുന്നതിന് ഒരു കരുവായി ട്വിറ്റര്‍ മാറരുതെന്നും ഇന്ത്യയിലെ 100 കോടിയിലധികം വരുന്ന ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ഈ കത്തെഴുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.